ഹാമില്‍ട്ടണില്‍ വാഹനാപകടം: ഒരു മരണം
Monday, May 18, 2015 5:33 AM IST
ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ 29 വയസുകാരന്‍ മരിച്ചു. ബര്‍ളിങ്റ്റന്‍ ഭാഗത്ത് ഹൈവേ 403 ലൂടെ തെറ്റായ ദിശയില്‍ ഓടിച്ചുവന്ന പിക് അപ് ട്രക്ക് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് കാറിനു പിറകില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ട്രെയിലര്‍കൂടി കാറില്‍ ഇടിച്ചതോടെ അപകടം കൂടുതല്‍ ശക്തമായി.

കാറില്‍ ഉണ്ടായിരുന്ന എടിബികോക് സ്വദേശി യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിക് അപ് ഓടിച്ചിരുന്ന ബ്രാംപ്ടന്‍ സ്വദേശിയായ റിച്ചാര്‍ഡോ കബ്രോനെ മയക്കുമരുന്ന് ഉപയോഗത്തിനും നിയമം തെറ്റിച്ചു വണ്ടി ഓടിച്ചതിനും കൊലപാതക കുറ്റത്തിനും കേസ് എടുത്തു പോലീസ് അറസ്റ് ചെയ്തു.

വിക്ടോറിയ ദിനം പ്രമാണിച്ച് അവധി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ദൂരയാത്ര ചെയ്യുന്നവരുടെയും ടൂറിസ്റുകളുടെയും തിരക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഹൈവേകളില്‍ അനുഭവപ്പെട്ടിരുന്നു. മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍, അമിത വേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവരെ പിടികൂടുന്നതിനും പ്രത്യേക നിരീക്ഷണ ക്യാമറകളും, പോലീസ് സ്ക്വാഡുകളും ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. മണിക്കൂറുകളോളം അടച്ചിട്ട ഹൈവേ അന്വേഷണങ്ങള്‍ക്കുശേഷം യാത്രയ്ക്കായി തുറന്നു കൊടുത്തു.

റിപ്പോര്‍ട്ട്: ജയ് പിള്ള