കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിക്കുന്നു
Sunday, May 17, 2015 6:37 AM IST
കുവൈറ്റ്: സ്കൂള്‍ അവധിക്കാലം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തിരക്കു പ്രമാണിച്ച് വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വേനലവധിക്കാലത്തെ വിമാനത്താവളത്തിലെ തിരക്കു പരിഗണിച്ചു വന്‍ തയാറെടുപ്പുകളാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയവും സിവില്‍ എവിയേഷന്‍ വിഭാഗവും കൈക്കൊണ്ടിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഫഹദ് വിമാനത്താവളം സന്ദര്‍ശിച്ചു.

വിവിധ സുരക്ഷാ വിഭാഗങ്ങളുമായി അദ്ദേഹം ചര്‍ച്ച നടത്തി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അണ്ടര്‍ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു. മയക്കുമരുന്ന് കടത്തുകാര്‍ തെരക്കുകാലം പ്രയോജനപ്പെടുത്തുമെന്നതിനാന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു കസ്റംസ് വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

യാത്രക്കാര്‍ വിമാനത്താവള ഉദ്യോഗസ്ഥരുമായി പരമാവധി സഹകരിക്കണമെന്നും യാത്രാരേഖകളായ പാസ്പോര്‍ട്ട്, പ്രവേശന വീസ, തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകള്‍ കൈവശം ഉണ്െടന്നു വിമാനത്താവളത്തില്‍ എത്തുന്നതിനു മുമ്പ് ഉറപ്പു വരുത്തണമെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അഭ്യര്‍ഥിച്ചു.

യാത്ര പുറപ്പെടുന്നവര്‍ മൂന്നു മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തി യാത്ര നടപടികള്‍ പൂര്‍ത്തിയാക്കമെന്നു സുരക്ഷാവിഭാഗം ആവശ്യപ്പെട്ടു. വിമാനം പുറപ്പെടുന്നതിനു ഒരു മണിക്കൂര്‍ മുമ്പായി ലഗേജുകള്‍ പരിശോധനയ്ക്ക് എത്തിയിട്ടില്ലെങ്കില്‍ അത്തരം ലഗേജുകള്‍ സ്വീകരിക്കില്ലെന്നും 10 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമോ 115 സെന്റിമീറ്ററില്‍ കുടുതല്‍ ചുറ്റളവോ ഉള്ളവ ഹാന്‍ഡ് ബാഗ് ഇനത്തില്‍ ഉള്‍പ്പെടുത്തില്ലെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍