മാപ്പിന്റെ മാതൃദിനാഘോഷങ്ങള്‍ വര്‍ണാഭമായി
Sunday, May 17, 2015 6:34 AM IST
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) നേതൃത്വത്തില്‍ മേയ് ഒന്‍പതിനു വൈകുന്നേരം അഞ്ചു മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന 'മദേഴ്സ് ഡേ' ആഘോഷങ്ങള്‍ വര്‍ണാഭമായി. അറുപതിലധികം അമ്മമാരെ ചടങ്ങില്‍ മാപ്പ് ആദരിച്ചു.

മാപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്രയും വിപുലമായി നടന്ന ഈ അത്യുജ്വല ചടങ്ങില്‍ പ്രോഗ്രാം എംസിയായി ജൂലി വര്‍ഗീസും എബിന്‍ ബാബുവും പ്രവര്‍ത്തിച്ചു. സെക്രട്ടറി ചെറിയാന്‍ കോശിയുടെ ആമുഖ പ്രസംഗത്തിനുശേഷം ശിശിര ഫിലിപ്പ് പ്രാര്‍ഥനാഗാനം ആലപിച്ചു. പ്രസിഡന്റ് സാബു സ്കറിയ സന്നിഹിതരായ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികളായി സന്നിഹിതരായ ഫാ. ജോണ്‍ ശങ്കരത്തില്‍, പ്രഫ. കോശി തലയ്ക്കല്‍, ദാനിയേല്‍ പി. തോമസ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മില്ലി ഫിലിപ്പ് എന്നിവര്‍ മാതൃദിനാശംസ പ്രസംഗങ്ങള്‍ നടത്തി. ആദരണീയരായ അമ്മമാര്‍ക്കെല്ലാം മാപ്പിന്റെ പേരോടുകൂടിയ ആശംസകള്‍ പ്രിന്റു ചെയ്ത കപ്പുകളും റോസാ പുഷ്പങ്ങളും സമ്മാനിച്ചു.

മാപ്പിന്റെ വനിതാ ഫോറം ചെയര്‍പേഴ്സണ്‍ മില്ലി ഫിലിപ്പ്, കണ്‍വീനര്‍ സിലിജാ ജോണ്‍, അന്നമ്മ ജോര്‍ജ്, റേച്ചല്‍ ദാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് അമ്മമാരോടുള്ള ആദരസൂചകമായി മാതൃദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ച് മധുരം നുകര്‍ന്നു.

തുടര്‍ന്നു നടന്ന വിവിധ കലാപരിപാടികള്‍ സദസ്യരെ ആനന്ദഭരിതരാക്കി. അനുഗ്രഹീത കലാകാരന്മാരായ ബിജു ഏബ്രഹാം, ശ്രീദേവി, അനൂപ്, ജേക്കബ്, എബി വില്‍സണ്‍, ദിയ ചെറിയാന്‍, അഞ്ജു ജോണ്‍, ചിന്നു, അമേലിയ, ഇസബെല്ല, രാജേഷ് ജോണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സവാന സാബു, സജോ ജോയ്, നോറ സിജു, ജേന്‍ കോശി, ജാസ്മിന്‍ തോമസ്, ജനീഷ കുര്യന്‍, മിലേന അലക്സ്, ശ്വേത ബിനു, ഷെറിന്‍ സാം എന്നിവര്‍ നൃത്തം അവതരിപ്പിച്ചു.

സാബു ജേക്കബിന്റെ കവിതയും കണ്ണന്‍മണിയുടെ വയലിനും അഭിനു നായരുടെ കുട്ടിക്കവിതയും കൃപ ജയിംസിന്റെ ഫ്ളൂട്ടും ജെയിന്‍ കോശി, ജാസ്മിന്‍ കോശി, റിയ, ജോആന്‍ എന്നിവരുടെ സംഘഗാനവും ഏവരേയും ആനന്ദഭരിതരാക്കി.

രണ്ടര മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികള്‍ക്കൊടുവില്‍ ജനറല്‍ സെക്രട്ടറി സിജു ജോണ്‍ നന്ദി പറഞ്ഞു. ന്യൂജേഴ്സിയിലെ ടേസ്റ് ഓഫ് ഇന്ത്യയുടെ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി മാതൃദിനാഘോഷങ്ങള്‍ പര്യവസാനിച്ചു.

സോബി ഇട്ടി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം