ഒഐസിസി വെല്‍ഫെയര്‍ വിഭാഗം സഹായിച്ചു; ഒരു മലയാളികൂടി നാടണഞ്ഞു
Sunday, May 17, 2015 6:33 AM IST
ദമാം: ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ സഹായത്തില്‍ ഒരു മലയാളി കൂടി നാടണഞ്ഞു. പുനലൂര്‍ വാലകോട് നൂര്‍ജഹാന്‍ മന്‍സിലില്‍ അന്‍സാര്‍ സലാഹുദീന്‍(44) ആണ് ഒഐസിസി ദമാം റീജണല്‍ കമ്മിറ്റിയുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങിയത്.

എട്ടു വര്‍ഷമായി സൌദിയില്‍ ജോലി നോക്കിയിരുന്ന അന്‍സാര്‍ മൂന്നര വര്‍ഷമായി ദമാമില്‍ ആയിരുന്നു. ഒന്നര വര്‍ഷമായി ഹുറൂബില്‍ കഴിഞ്ഞിരുന്ന അന്‍സാര്‍ പല മലയാളികളുടെയും സഹായത്തിലാണു കഴിഞ്ഞിരുന്നത്. ഒട്ടേറെ രോഗങ്ങള്‍ക്ക് അടിമയായിരുന്ന അന്‍സാറിനു നടക്കുന്നതിനും ബുദ്ധി മുട്ടുണ്ടായിരുന്നു. നാട്ടില്‍ പ്രായം ചെന്ന ഉമ്മയും ബാപ്പയും ഭാര്യയും രണ്ടു കുട്ടികളും ഉള്ള അന്‍സാര്‍ വാടകവീട്ടിലാണു കഴിയുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാണു പ്രവാസജീവിതം തെരഞ്ഞെടുത്തത്.

നിതാഖാത്തുമായി ബന്ധപ്പെട്ടു ദമാമിലെ ഒരു ലിമോസിന്‍ കമ്പനി നടത്തുന്ന സൌദിയുടെ പൌരന്റെ പേരിലേക്കു സ്പോണ്‍സര്‍ഷിപ്പ് മാറ്റിയ അന്‍സാറിനു സൌദി ലൈസന്‍സ് എടുത്ത് നല്‍കാന്‍ തയാറാകാതെ ഇന്‍ഷുറന്‍സ്പോലും ഇല്ലാത്ത വാഹനം ഓടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനു വിസമ്മതിച്ചപ്പോള്‍ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ ലൈസന്‍സ്, പേഴ്സ് എന്നിവ പിടിച്ചു വാങ്ങി റൂമില്‍ അടയ്ക്കുകയായിരുന്നു.

ആറായിരം റിയാല്‍ സൌദി പൌരന്‍ വാങ്ങിയിരുന്നു. അവിടെനിന്നു രക്ഷപ്പെട്ടു ദമാമില്‍ പലയിടങ്ങളിലായി അലഞ്ഞു നടന്ന അന്‍സാര്‍ ഒഐസിസി ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ നിസാര്‍ മാന്നാറിനെ ബന്ധപ്പെടുകയും നിസാര്‍ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഔട്ട് പാസ് വാങ്ങി നിയമപരമായ രേഖകള്‍ ശരിയാക്കി അന്‍സാറിനെ നാട്ടില്‍ അയയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

നാട്ടിലേക്കു മടങ്ങിയ അന്‍സാറിന് ഒഐസിസി ജീവകാരുണ്യ വിഭാഗം യാത്രാ ടിക്കറ്റു നല്‍കി. ഒഐസിസി ദമാം റീജണ്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഒഐസിസി ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍ നിസാര്‍ മാന്നാര്‍, ജനറല്‍ സെക്രട്ടറി ഇ.കെ. സലിം എന്നിവരുടെ സാന്നിധ്യത്തില്‍ ടിക്കറ്റും യാത്ര രേഖകളും കൈമാറി. ദമാം-തിരുവനന്തപുരം എമിറേറ്റസ് വിമാനത്തില്‍ നിസാര്‍ നാട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം