കരിപ്പൂര്‍ പ്രവാസി യാത്രാ ദുരിതം പരിഹരിക്കണം: റിയാദ് പിഎംഎഫ്
Sunday, May 17, 2015 6:32 AM IST
റിയാദ്: റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ദീര്‍ഘകാലത്തേക്ക് അടച്ചതിനെത്തുടര്‍ന്നു കരിപ്പൂരില്‍നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നെടുമ്പാശേരിയിലേക്കു തിരിച്ചുവിട്ട സാഹചര്യത്തില്‍ മലബാറിലെ പ്രവാസികളായ യത്രക്കാര്‍ ദുരിതവും സാമ്പത്തിക നഷ്ടവും അനുഭവിക്കുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ പ്രവാസികള്‍ക്ക് നെടുമ്പാശേരിയില്‍നിന്നു കോഴിക്കോട് ഭാഗത്തേക്കു കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കണമെന്നു പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച നിവേദനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ എന്നിവര്‍ക്കു നല്‍കി.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പന്‍, ജനറല്‍ സെക്രട്ടറി സലിം വട്ടപ്പാറ, പിഎംഎഫ് ജിസിസി കോഠഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി, സൌദി കോ-ഓര്‍ഡിനേറ്റര്‍ ജെ.കെ. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡന്റ് സാബു ഫിലിപ്പ്, റഫീക്ക് ഹസന്‍ വട്ടത്തൂര്‍, റഫീക്ക് എറണാകുളം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.