ക്രൈസ്തവ പീഡനം: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം അപലപിച്ചു
Saturday, May 16, 2015 5:06 AM IST
ന്യൂയോര്‍ക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന കിരാതപീഡനങ്ങളെ, ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായി അപലപിച്ചു. വിശ്വാസത്തിന്റെ പേരില്‍ നടമാടുന്ന വംശഹത്യകളും പീഡനങ്ങളുംമൂലം ലക്ഷക്കണക്കിനു ക്രൈസ്തവര്‍ പലായനത്തിലാണ്. ലക്ഷക്കണക്കിനു കുട്ടികളും, സ്ത്രീകളും, വൃദ്ധരും ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ ആട്ടിപ്പായിക്കപ്പെടുന്നത് സമൂഹം നോക്കി നില്‍ക്കുകയാണ്. ഈ ക്രൂരതയ്ക്കെതിരേ പ്രസ്താവനകള്‍ ഇറക്കുക മാത്രമാണ് അന്തര്‍ദേശീയ സംഘടനകള്‍ ചെയ്തുവരുന്നത്. സങ്കുചിത ചിന്തകളും, പാഴായ അധരവ്യായാമവുമല്ല, ശക്തമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടതെന്ന് മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത്- ഈസ്റ് അമേരിക്കന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് പ്രസ്താവിച്ചു.

എല്ലാ ക്രൈസ്തവ സഭകളേയും, സമാന ചിന്താഗതിയുള്ള സമൂഹങ്ങളേയും ഏകോപിപ്പിച്ച് ശക്തമായ മുന്നണി ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസന എപ്പിസ്കോപ്പ ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് പ്രസ്താവിച്ചു. മദ്ധ്യപൂര്‍വ്വ ഏഷ്യയിലേയും, പ്രത്യേകിച്ച് പാക്കിസ്ഥാനിലേയും, ഇന്ത്യയിലേയും ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങള്‍ അമേരിക്കന്‍ സമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നതെന്ന് എപ്പിസ്കോപ്പല്‍ സഭയുടെ ഓറിഗണ്‍ ബിഷപ്പായിരുന്ന ജോണ്‍സി ഇട്ടി പറഞ്ഞു. അമേരിക്കന്‍ മുഖ്യധാരയില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍പറ്റും വിധം ഇടപെടലുകള്‍ ഉണ്ടാകണമെന്ന് പാസ്റര്‍ ഇട്ടി ഏബ്രഹാം, പാസ്റര്‍ വില്‍സണ്‍ ജോസ് എന്നിവര്‍ പറഞ്ഞു. അതിനായി വിവിധ സമൂഹങ്ങളെ കോര്‍ത്തിണക്കി മുന്നോട്ടു പോകുവാന്‍ ജോര്‍ജ് ഏബ്രഹാമിനെ യോഗം ചുമതലപ്പെടുത്തി.

ന്യൂയോര്‍ക്കിലെ മട്ടന്‍ ടൌണിലുള്ള മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈദീകരും, അവൈദീക നേതാക്കളും എത്തിയിരുന്നു. ഫാ. ജോണ്‍ തോമസ്, ഫാ. തോമസ് പോള്‍, ഫാ. ബിനോയ് തോമസ്, വി.എം. ചാക്കോ, റോയി എണ്ണശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.

സഖറിയാസ് മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്സ് സഭ), ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് (മാര്‍ത്തോമാ സഭ), ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി (എപ്പിസ്കോപ്പല്‍ സഭ) എന്നിവര്‍ രക്ഷാധികാരികളും, റവ. ഇട്ടി ഏബ്രഹാം, റവ. വില്‍സണ്‍ ജോസ് (പെന്തക്കോസ്തല്‍ സഭ), ഫാ. ബിനോയ് തോമസ് (മാര്‍ത്തോമാ സഭ), ഫാ. ജോണ്‍ തോമസ്, ഫാ. തോമസ് പോള്‍ (ഓര്‍ത്തഡോക്സ് സഭ) എന്നിവര്‍ പേട്രണ്‍മാരും, ജോര്‍ജ് ഏബ്രഹാം, വി.എം. ചാക്കോ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ്) എന്നിവരെ ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കപ്പെട്ടു. മറ്റു സഭകളെ കൂട്ടിച്ചേര്‍ത്ത് സംഘടന വികസിപ്പിക്കാനും തീരുമാനിച്ചു.

തോമസ് ടി. ഉമ്മന്‍ (പ്രസിഡന്റ്), കോരസണ്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), പി.വി. വര്‍ഗീസ് (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം