ബോംബു ഭീഷണി: ജര്‍മന്‍ ടോപ് മോഡല്‍ ഫൈനല്‍ ഉപേക്ഷിച്ചു
Friday, May 15, 2015 8:06 AM IST
മാന്‍ഹൈം: ജര്‍മനിയുടെ അടുത്ത ടോപ് മോഡല്‍ മത്സരത്തിന്റെ ഫൈനല്‍ ഉപേക്ഷിച്ചു. ബോംബ് ഭീഷണി തത്സമയ സംപ്രേഷണം നടത്താനാകാതെ വന്ന സാഹചര്യത്തിലാണ് തീരുമാനം.

മാന്‍ഹൈമിലെ എസ്എപി അറീനയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പതിനായിരത്തോളം പേര്‍ ഫൈനലിനു നേരിട്ടു സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.

തുടക്കത്തില്‍, സാങ്കേതിക കാരണങ്ങളാല്‍ ഫൈനല്‍ റദ്ദാക്കുന്നു എന്നാണ് സംഘാടകര്‍ അറിയിച്ചത്. ബോംബ് ഭീഷണിയെന്നു പറഞ്ഞാല്‍ ജനക്കൂട്ടം തിക്കിത്തിരക്കുണ്ടാക്കി വലിയ അപകടങ്ങള്‍ വരുത്തിവച്ചേക്കുമെന്നു ഭയന്നായിരുന്നു ഇത്.

ജര്‍മന്‍ ടോപ്പ് മോഡല്‍ ഹെയ്ഡി ക്ളും അടക്കമുള്ള ജൂറി അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. നാലു യുവതികളാണ് ഫൈനലില്‍ ഇടം നേടിയിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍