നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി
Friday, May 15, 2015 5:06 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികള്‍ക്കിടയില്‍ പത്രപ്രവര്‍ത്തനരംഗത്ത് വേറിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ മലയാളി മാഗസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഏഴായിരം ഡോളര്‍ നേപ്പാള്‍ കോണ്‍സുലേറ്റ് ജനറല്‍ ചന്ദ്രാ യോന്‍സനു കൈമാറി.

മെല്‍ബണിലെ ഡാന്റിനോംഗ് ചില്ലിബോള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മനികാ ജയിന്‍ മുഖ്യാതിഥിയായിരുന്നു. മലയാളി മാഗസിന്‍ എഡിറ്റര്‍ തിരുവല്ലം ഭാസിയും മൈത്രി ഓസ്ട്രേലിയയ്ക്കുവേണ്ടി സജി മുണ്ടയ്ക്കനും ചേര്‍ന്ന് നേപ്പാള്‍ കോണ്‍സുലേറ്റ് ജനറലിനു ദുരിതാശ്വാസ നിധിയില്‍നിന്നും കിട്ടിയ ഏഴായിരം ഡോളര്‍ കൈമാറി.

മലയാളി സീനിയേഴ്സ് അസോസിയേഷനുവേണ്ടി ഹിറ്റ്ലര്‍ ഡേവിഡ് സ്വാഗതവും അജിതാ ചിറയില്‍ ആമുഖപ്രസംഗവും നടത്തി. മെല്‍ബണിലെ പ്രമുഖ മലയാളി സംഘടനാ ഭാരവാഹികളായ തോമസ് ജോസഫ് (എകഅഢ), റെജി പാറയ്ക്കന്‍ (പ്രവാസി കേരള കോണ്‍ഗ്രസ്, ഓസ്ട്രേലിയ), പ്രതീഷ് മാര്‍ട്ടിന്‍ (മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ), ജോസഫ് പീറ്റര്‍ (ഒഐസിസി പ്രസിഡന്റ് വിക്ടോറി), ജൂഡ് ഏബ്രഹാം (മൈത്രി ഓസ്ട്രേലിയ), സീനിയര്‍ മലയാളി അസോസിയേഷനുവേണ്ടി സി.വി. സാമുവല്‍, സാം ജോസഫ്, ജോയ് അലക്സാണ്ടര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മെല്‍ബണിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ സാരഥികളും ചടങ്ങില്‍ പങ്കെടുത്തു. നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവരെ കോണ്‍സുലേറ്റ് ജനറല്‍മാരായ ചന്ദ്ര യോന്‍സനും മനിക്കാ ജയിനും നന്ദി പറഞ്ഞു. തിരുവല്ലം ഭാസി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍