റയലും വീണു; ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സ-യുവന്റസ് ഫൈനല്‍
Thursday, May 14, 2015 8:10 AM IST
മാഡ്രിഡ്: ബര്‍ലിനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എല്‍ ക്ളാസിക്കോ പ്രതീക്ഷിച്ചവര്‍ക്കു നിരാശ. അവിടെ ബാഴ്സലോണയെ നേരിടാനെത്തുന്നതു റയല്‍ മാഡ്രിഡ് ആയിരിക്കില്ല, പകരം ഇറ്റാലിയന്‍ പ്രതീക്ഷയായ യുവന്റസ് ആയിരിക്കും.

സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ റയലിനെ സമനിലയില്‍ പിടിച്ചാണു യുവന്റസ് ബര്‍ലിനിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിയത്. ക്രിസ്റ്യാനോ റൊണാള്‍ഡോയിലൂടെ റയല്‍ ആദ്യം ലീഡ് നേടിയിരുന്നെങ്കിലും അല്‍വാരോ മറൊറ്റയുടെ സമനില ഗോള്‍ കളിയുടെ വിധി നിര്‍ണയിച്ചു.

ആദ്യപാദ മത്സരത്തില്‍ റയലിനെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിക്കാനായതാണു യുവന്റസിനു തുണയായത്. ഇപ്പോള്‍ 3-2 എന്ന അഗ്രഗേറ്റ് സ്കോറിലാണ് അവരുടെ മുന്നേറ്റം. നേരത്തേ, ബയേണ്‍ മ്യൂണിച്ചിനെ കീഴടക്കി ബാഴ്സലോണയും ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയിരുന്നു.

സ്പാനിഷ് താരവും റയലിന്റെ മുന്‍ താരവുമായ അല്‍വാരോ മൊറാറ്റ രണ്ടു ലെഗ് മത്സരങ്ങളിലും യുവന്റസിനുവേണ്ടി സ്കോര്‍ ചെയ്തു. അവരുടെ വെറ്ററന്‍ ത്രയമായ ഗിയാന്‍ലൂയിജി ബഫണ്‍ - ആന്ദ്രെ ബര്‍സാഗ്ളി - ആന്ദ്രെ പിര്‍ലോ എന്നിവര്‍ക്കു മധുര സ്മരണകള്‍ സമ്മാനിക്കുന്ന വേദിയാണ് ഫൈനല്‍ നടക്കുന്ന ബര്‍ലിന്‍. 2006ല്‍ ഇറ്റലി ലോകകപ്പ് നേടുമ്പോള്‍ ഈ മൂവര്‍സംഘം ആ ടീമിലും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍