അഭയാര്‍ഥിത്വം അനുവദിക്കുന്നതില്‍ യൂറോപ്പില്‍ ജര്‍മനി ഒന്നാമത്; ഇറ്റലിക്ക് നാലാം സ്ഥാനം
Wednesday, May 13, 2015 8:17 AM IST
ബര്‍ലിന്‍: അഭയാര്‍ഥിത്വ അപേക്ഷകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ യൂറോപ്പിലെ രാജ്യങ്ങളുടെയിടയില്‍ ജര്‍മനി ഒന്നാമതെത്തി. തുടര്‍ന്നുള്ള അഞ്ചു സ്ഥാനങ്ങളില്‍ യഥാക്രമം സ്വീഡന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ്.

യൂറോപ്യന്‍ യൂണിയനിലാകെ 7,50,000 പേരാണ് 2008 മുതല്‍ 2014 വരെയുള്ള കാലയളവില്‍ അഭയാര്‍ഥിത്വം നേടിയത്. ഇവരില്‍ ഏറ്റവും കൂടുതലാളുകളെ സ്വീകരിക്കുന്നത് ജര്‍മനിയും സ്വീഡനുമാണ്. ജര്‍മനി കഴിഞ്ഞ വര്‍ഷം മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 82 ശതമാനം അധികം പേര്‍ക്ക് അഭയം നല്‍കി, ആകെ 47,555 പേര്‍. സ്വീഡന്‍ 33,000 പേര്‍ക്കും അഭയം നല്‍കി, 25 ശതമാനത്തിന്റെ വര്‍ധനയാണിത്.

2013 ലേതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 42 ശതമാനത്തിലധികം അപേക്ഷകളാണ് ഇറ്റലി കഴിഞ്ഞ വര്‍ഷം അംഗീകരിച്ചത്.

ഇറ്റലിയില്‍ കഴിഞ്ഞ വര്‍ഷം അഭയാര്‍ഥിത്വം നേടിയവരുടെ ആകെ എണ്ണം 20,630 ആണ്. ഇതില്‍ ഏറ്റവും കൂടുതലാളുകള്‍ പാക്കിസ്ഥാനില്‍നിന്നാണ്, 2420 പേര്‍. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 2400 പേര്‍ക്കും നൈജീരിയയില്‍നിന്നുള്ള 2145 പേര്‍ക്കും അഭയാര്‍ഥിത്വം ലഭിച്ചു.

യൂറോപ്പിലെത്തുന്ന അഭയാര്‍ഥികളുടെ കവാടം ഇറ്റലിയാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇവിടെയെത്തുന്നവര്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പലായനം ചെയ്യുന്നതും പതിവാണ്. ഈയടുത്ത കാലങ്ങളിലായി ഏതാണ്ട് അഞ്ചു ലക്ഷം പേര്‍ അഭയാര്‍ഥികളായി യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ലക്സംബര്‍ഗ് ആസ്ഥാനമായുള്ള ഇയു സ്റാറ്റിസ്റിക്കല്‍ ഓഫീസ് പുറത്തുവിട്ടതാണ് പുതിയ കണക്കുകള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍