സൌദി ഷവറോണ്‍ പ്ളാന്റ് അതിര്‍ത്തിയില്‍ അടച്ചു പൂട്ടുന്നു
Wednesday, May 13, 2015 8:14 AM IST
കുവൈറ്റ്: പതിറ്റാണ്ടുകളായി സൌദി കുവൈറ്റ് അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഷവറോണ്‍ പ്ളാന്റ് അടച്ചു പൂട്ടുന്നു. സൌദി ഷവറോണ്‍ കുവൈറ്റ് സംയുക്ത സംരഭമായ പ്ളാന്റില്‍ ഹൈഡ്രോ കാര്‍ബണ്‍ ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്. നിരവധി മലയാളികള്‍ അടക്കം ആയിരക്കണക്കിനു തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

സൌദി ഷവറോണും കുവൈറ്റ് അധികൃതരും തമ്മിലുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണു സംയുക്ത സംരംഭത്തില്‍നിന്നു പിന്മാറാന്‍ ഷവറോണ്‍ തീരുമാനമെടുത്തതെന്ന് അറിയുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി പ്ളാന്റിലേക്ക് ആവശ്യമായ സാമഗ്രികളും തൊഴിലാളികള്‍ക്കുള്ള വീസയും തടയപ്പെട്ടതിനെത്തുടര്‍ന്നാണു കുവൈറ്റിലെ വഫ്രയിലുള്ള പദ്ധതി മേയ് ഒന്‍പതു മുതല്‍ നിര്‍ത്തിവയ്ക്കാന്‍ കമ്പനി തീരുമാനിച്ചതെന്നു വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വഫ്രയില്‍നിന്നുള്ള ഷവറോന്റെ പിന്‍മാറ്റത്തിലൂടെ അഞ്ച് ബില്യന്‍ ഡോളര്‍ ചെലവഴിച്ചുള്ള വഫ്ര വികസന പദ്ധതിയുടെ ഭാവിയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 2020 ല്‍ ദിനംപ്രതി നാലു മില്യണ്‍ ബാരല്‍ എണ്ണ ഉത്പാദനം ലക്ഷ്യം വച്ചുകൊണ്ടുള്ള കുവൈറ്റിന്റെ പദ്ധതിയെയും ഷവറോന്റെ ഇപ്പോഴുള്ള പിന്മാറ്റം ബാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്. അതേപോലെ കഴിഞ്ഞ പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും സംയുക്ത ഓപ്പറേറ്റിംഗ് കരാര്‍ പ്രകാരം ഉപയോഗിക്കുന്ന സൌദി-കുവൈറ്റ് നിഷ്പക്ഷ മേഖലയുടെ പരിരക്ഷയെ കുറിച്ചുള്ള പുതിയ തര്‍ക്കങ്ങള്‍ക്കു ഷവറോന്റെ പിന്മാറ്റം ഇടയാക്കുമെന്ന് ആശങ്കകളുമുണ്ട്.

1965 ജൂലൈ ഏഴിനാണ് ഇരു രാജ്യങ്ങളിലെ ഭരാണിധികാരികള്‍ ന്യൂട്രല്‍ സോണ്‍ പാര്‍ട്ടീഷന്‍ കരാറില്‍ ഒപ്പുവച്ചത്. തുടര്‍ന്നു നടന്ന നിരന്തര ചര്‍ച്ചകളെത്തുടര്‍ന്ന് 1967 ഡിസംബര്‍ 17നു നിഷ്പക്ഷമായ സോണ്‍ വിഭജിക്കുന്ന അതിര്‍വരമ്പുകളെ ഉള്‍പ്പെടുത്തിയുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും ഔദ്യോഗികമായി കരാര്‍ നിലവില്‍ വന്നത് 1970 ജനുവരി 25 നായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സൌദി-കുവൈറ്റ് നിഷ്പക്ഷ മേഖലയില്‍ അവതാളത്തിലാകുന്ന മൂന്നാമത് വലിയ പദ്ധതിയാണു സൌദി ഷവറോണ്‍ ഓപ്പറേഷന്‍.

ഓഗസ്റ് 2013ല്‍ രണ്ട് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചുള്ള ഡോറ ഗ്യാസ് ഫീല്‍ഡ് വികസന പദ്ധതി ഇരു രാജ്യങ്ങളും തമിലുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 3,10,000 ബാരല്‍ ഉത്പാദിപ്പിക്കുന്ന അല്‍ കഫ്ജി ഓയില്‍ ഫീല്‍ഡ് പദ്ധതിയില്‍നിന്നും 2014 ഒക്ടോബറില്‍ സൌദി താത്കാലികമായി പിന്മാറിയെങ്കിലും പദ്ധതി യാഥാര്‍ഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

അല്‍ കഫ്ജി ഓയില്‍ ഫീല്‍ഡ് അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇപ്പോയത്തെ പ്രതിസന്ധിക്കു യഥാര്‍ഥ കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 14 ബില്യന്‍ ഡോളറിന്റെ അല്‍സൂര്‍ റിഫൈനറി അതിര്‍ത്തിക്കടുത്തുള്ള അല്‍ സൂറില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2007ല്‍ ചില ആശങ്കകള്‍ സൌദി ഷവറോണ്‍ ഉന്നയിച്ചിരുന്നു. തങ്ങള്‍ പാട്ടത്തിനെടുത്ത പ്രദേശത്തിന് അടുത്താണു കുവൈറ്റ് അല്‍സൂര്‍ റിഫൈനറി സ്ഥാപിച്ചതെന്നതായിരുന്നു മുഖ്യ പരാതി. 2009 ല്‍ മീന അല്‍ സൂറിനടുത്തുള്ള പ്രദേശം സൌദിഅറേബ്യ ഷവറോണിനു 30 വര്‍ഷത്തേക്കുകൂടി പാട്ട കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയപ്പോഴും ഇത്തരം വിവാദം ഉയര്‍ന്നിരുന്നു. ആഗോള അടിസ്ഥാനത്തില്‍ എണ്ണ വില ഇടിഞ്ഞതിനാലും ഏഷ്യന്‍ മാര്‍ക്കറ്റില്‍ എണ്ണയുടെ ആവശ്യം കുറഞ്ഞതിനാലുമാണു വഫ്രറയിലെ ഓപ്പറേഷന്‍ നിര്‍ത്തിവച്ചതെന്നു സൌദിയിലെ പ്രമുഖ എണ്ണ വിദഗ്ധന്‍ പറഞ്ഞു. മാത്രമല്ല ഓപ്പറേഷന്‍ കോസ്റ് കൂടിയതിനാല്‍ പ്ളാന്റ് നടത്തുവാന്‍ പ്രായോഗികമായി സാധ്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൌദി-കുവൈറ്റ് നിഷ്പക്ഷ മേഖലയില്‍ നിരന്തരം പദ്ധതികള്‍ മുടങ്ങുന്നതു മേഖലയിലെ എണ്ണ ഉത്പാദനത്തെ ബാധിക്കുമെന്നാണു കരുതപ്പെടുന്നത്. വിഭജന മേഖലയിലെ സൌദി ഷവറോന്റെ പിന്മാറ്റം ആഭ്യന്തര മേഖലയില്‍ ഹൈഡ്രോ കാര്‍ബണിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കുവൈറ്റിനെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സൌദി-കുവൈറ്റ് നിഷ്പക്ഷ മേഖലയിലെ പിരിമുറുക്കം മീന അല്‍ സൂര്‍ പദ്ധതിയെ മന്ദഗതിയിലേക്ക് നയിക്കുമെന്ന് സന്ദേഹിക്കുന്നതായി എന്‍ജിനിയറിംഗ്, പ്രൊക്യുയര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ (ഇപിസി) ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വര്‍ഷത്തെ പുതിയ റിഫൈനറി പ്രോജക്ടിനുള്ള ഇപിസി അവാര്‍ഡ് ലഭിച്ചത് അല്‍ സൂര്‍ പ്രോജക്ടിനാണ്.

എന്‍ജിനിയറിംഗ് വിഭാഗത്തിലും അഡ്മിന്‍ മേഖലയിലും കുവൈറ്റിലെ ഷവറോണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നൂറു കണക്കിനു വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പത്തും ഇരുപതും വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണു കഴിയുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍