ഹെര്‍മോന്‍ മാര്‍ത്തോമ ദേവാലയം ഇടവകദിനം ആഘോഷിച്ചു
Wednesday, May 13, 2015 6:42 AM IST
ബര്‍മിംഗ്ഹാം: മിഡ്ലാന്‍ഡ്സിലെ ഹെര്‍മോന്‍ മാര്‍ത്തോമ ദേവാലയത്തില്‍ എട്ടാമതു ഇടവകദിനാഘോഷ പരിപാടികള്‍ മേയ് ഒന്‍പതിന് (ശനി) ആഘോഷിച്ചു.

ബര്‍മിംഗ്ഹാമിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വൈകുന്നേരം നാലിനാരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ഇടവക വികാരി റവ. വിനോജ് വര്‍ഗീസ് നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഫാ. ജോസഫ് മാത്യു എസ്.ജെ. (ഇഗ്നേഷ്യന്‍ സ്പിരിച്വാലിറ്റി സെന്റര്‍, വെയില്‍സ്) നിലവിളക്കു തെളിച്ചു ഉദ്ഘാടനം ചെയ്തു. ഹെര്‍മോന്‍ ഇടവക അതിന്റെ പ്രവര്‍ത്തനസരണിയില്‍ ഒരു വര്‍ഷംകൂടി പിന്നിടുമ്പോള്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവത്തിനു അദ്വിതീയമായ സ്ഥാനം നല്‍കി ആത്മീകമായും സാമൂഹികമായും വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇടവക വികാരി റവ. വിനോജ് വര്‍ഗീസ് അധ്യക്ഷ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.

യേശു നമുക്കു വിശ്വസിക്കാനും നമ്മുടെ വിഷമതകള്‍ തുറന്നു പറയാന്‍ പറ്റുന്ന ഒരു സുഹൃത്താണെന്നും നമ്മുടെ നിത്യ ജീവിതത്തില്‍ യേശുവിന്റെ സ്നേഹത്തെക്കുറിച്ചു മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും നാം യേശുവില്‍ വസിച്ചാല്‍ യേശു നമ്മിലും വസിക്കുമെന്നും ജോണ്‍ 15:4 ഉദ്ധരിച്ചുകൊണ്ടു ഫാ. ജോസഫ് മാത്യു ഇടവകദിന സന്ദേശത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരുവര്‍ഷത്തെ ഇടവക പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് ഇടവക സെക്രട്ടറി ജിബോയ് ജോര്‍ജ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡോ. സണ്ണി തോമസ് സദസിനു സ്വാഗതവും ട്രസ്റി തോമസ് ഏബ്രഹാം കൃതജ്ഞതയും അറിയിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഗായകസംഘത്തിന്റെ ഗാനങ്ങളും സദസിനു ഉന്മേഷം പകര്‍ന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജിബോയ് ജോര്‍ജ്