അന്താരാഷ്ട്ര ഡ്രാഗണ്‍ വള്ളംകളിയില്‍ വച്ചാസിനു രണ്ടാം സ്ഥാനം
Wednesday, May 13, 2015 6:36 AM IST
മസ്കറ്റ്: മസ്കറ്റിലെ മുസന്നയില്‍ മേയ് എട്ട്, ഒന്‍പത് തീയതികളില്‍ നടന്ന അന്താരാഷ്ട്ര ഡ്രാഗണ്‍ വള്ളംകളിയില്‍ കുട്ടനാട്ടിലെ പുളിങ്കുന്ന് സ്വദേശികള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് രണ്ടാം സ്ഥാനത്തെത്തി.

ഹുസൈന്‍ ഫാദില്‍ ആന്‍ഡ് പാര്‍ട്ണേഴ്സ് ജനറല്‍ മാനേജര്‍ തോമസ് ജോര്‍ജ് വാച്ചാപറമ്പില്‍ ക്യാപ്റ്റനായുള്ള വാച്ചാസ് ഡ്രാഗണ്‍ വള്ളമാണു കേരളത്തിന് അഭിമാനമായത്.

മത്സരിച്ച കോര്‍പറേറ്റ് ടീം വിഭാഗത്തിലും പുരുഷ വിഭാഗത്തിലും രണ്ടാം സ്ഥാനത്തെത്തുകയും ഡ്രാഗണ്‍ ടഗ് ഓഫ് വാര്‍ ഇനത്തില്‍ കരുത്തു തെളിയിച്ചു ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

യുഎഇയില്‍നിന്നുള്ള എമിറേറ്റ്സ് ടീമാണ് മറ്റു രണ്ടിനങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടിയത്. ദുബായി, ഖത്തര്‍, സ്പെയിന്‍, യുകെ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണു മത്സരത്തില്‍ പങ്കെടുത്തത്.

വരും മാസങ്ങളില്‍ ദുബായിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഡ്രാഗണ്‍ വള്ളംകളിയില്‍ പങ്കെടുത്തു ഇനിയും കരുത്തു തെളിയിക്കാനാണു വാച്ചാസ് ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ മാനേജരും വാച്ചാസ് ഗ്രൂപ്പ് ജനറല്‍ മാനേജരുമായ ഡോ. മാത്യു ജോര്‍ജ് വാച്ചാപ്പറമ്പിലിനെ ഫോണില്‍ ബന്ധപ്പെട്ടു അഭിനന്ദനം അറിയിച്ചു. ഡ്രാഗണ്‍ വള്ളംകളി കേരളത്തിലെ വള്ളംകളിയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കണമെന്നു തോമസ് ചാണ്ടി എംഎല്‍എ അറിയിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാരായ രാജഗോപാല്‍ ഇനാഞ്ചിറ, കുര്യന്‍ ജെ. മാലൂര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കുര്യന്‍ ജോസഫ്