കയ്പേറിയ അനുഭവങ്ങളുമായി സുധീഷ് നാടണഞ്ഞു
Wednesday, May 13, 2015 5:38 AM IST
റിയാദ്: കേട്ടറിഞ്ഞും വായിച്ചറിഞ്ഞും മാത്രം പരിചയമുണ്ടായിരുന്ന ആടുജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളുടെ മുറിപ്പാടുകളുമായി ഒടുവില്‍ സുധീഷ് നാടണഞ്ഞു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സുധീഷ് 2014 ജൂലൈയിലാണ് ഇലക്ട്രീഷ്യന്‍ വീസയില്‍ ഒട്ടേറെ പ്രതീക്ഷകളുമായി സൌദിയിലെത്തുന്നത്. റിയാദില്‍നിന്ന് 400 കി മീ അകലെ ഹഫര്‍ അല്‍ ബാത്തിന്‍ എന്ന സ്ഥലത്തിനടുത്തുള്ള അല്‍ബതാനയില്‍ സ്പോണ്‍സോറോടൊപ്പം എത്തിയ സുധീഷിനെ അവിടെ കൃഷിയിടത്തിലുള്ള ആടുകളെ മേയ്ക്കുന്നതിനായി നിയോഗിക്കുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ തന്നെ താന്‍ ചതിക്കപ്പെടുകയാണെന്നു മനസിലാക്കിയ സുധീഷ് നാട്ടില്‍ കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. മാതാപിതാക്കള്‍ ഏജന്റിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി രക്ഷപെടുത്താമെന്ന എല്ലാ പ്രതീക്ഷകളും കൈവിട്ട സഹാചര്യത്തില്‍ പ്രവാസലോകം പ്രതിനിധി റഫീഖ് റാവുത്തറെ ബന്ധപ്പെടുകയായിരുന്നു. പ്രവാസലോകം പരിപാടിയിലൂടെ ഈ വാര്‍ത്ത പുറംലോകം അറിയുമ്പോഴേക്കും സ്പോണ്‍സറുടെയും സഹപ്രവര്‍ത്തകരായ ആഫ്രിക്കന്‍ വംശജരുടെയും നിരന്തര ശാരീരികപീഡനംകൊണ്ടും ആവശ്യത്തിനു ഭക്ഷണമില്ലാതെ റൊട്ടി മാത്രം കഴിച്ചും ആടിനു നല്‍കുന്ന വെള്ളം മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടും സുധീഷ് അസുഖബാധിതനായി ജീവിതം കൈവിട്ട അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരുന്നു.

തുടര്‍ന്ന് തബൂക്കിലെ മാസിന്റെ പ്രവര്‍ത്തകനായ പ്രദീപിന്റെയും റഫീക്ക് റാവുത്തരുടെയും നിര്‍ദേശപ്രകാരം കേളി രക്ഷാധികാരി സമിതി അംഗം ബി.പി. രാജീവനെയും റിയാദിലെ സുരേഷ് ചന്ദ്രനെയും സുധീഷും മാതാപിതാക്കളും സഹായത്തിനായി ബന്ധപ്പെടുകയായിരുന്നു.
രാജീവന്റെയും കേളി കുടുംബവേദി സെക്രട്ടറി അശോകന്റെയും ശ്രമഫലമായി ഒട്ടേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് അല്‍ ബതാനയിലെ കൃഷിയിടത്തില്‍നിന്നു രാത്രിസമയത്ത് സ്പോണ്‍സറും കൂട്ടാളികളും അറിയാതെ സുധീഷിനെ രക്ഷപ്പെടുത്തി അതിസാഹസികമായി കിലോമീറ്ററുകളോളം മരുഭൂമിയിലൂടെ പ്രതികൂല കാലാവസ്ഥയില്‍ നടന്ന് റിയാദ് ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയായിരുന്നു. കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മലിന്റെ ശ്രമഫലമായി എംബസിയില്‍നിന്നു തിരിച്ചറിയല്‍ കാര്‍ഡ് ശരിയാക്കുകയും തുടര്‍ന്ന് എംബസിയില്‍ നിന്ന് ഔട്ട് പാസ് വാങ്ങി എക്സിറ്റ് അടിച്ചുവാങ്ങുന്നതില്‍ റിയാദിലെ സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ ശ്രമവും ഫലം കണ്ടു.

നിര്‍ധന മാതാപിതാക്കളുടെ ഏക ആശ്രയമായ സുധീഷിന്റെ പരിതാപകരമായ അവസ്ഥ അറിഞ്ഞ ആലുക്കാസ് ജൂവലറി സുധീഷിന്റെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കാന്‍ തയാറായി. കഴിഞ്ഞ ദിവസം റിയാദിലെ സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൊന്നാനി എംഎല്‍എ ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജോയി ആലുക്കാസ് മാനേജര്‍ ടോണി ജോസഫ് യാത്രാരേഖകള്‍ സുധീഷിനു കൈമാറി. തന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന കേളി പ്രവര്‍ത്തകരോടും തന്നെ സഹായിച്ച ജോയി ആലുക്കാസ് ജൂവലിയോടും നന്ദി രേഖപ്പെടുത്തി നിറകണ്ണുകളോടെ കഴിഞ്ഞ ബുധനാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ സുധീഷ് തിരുവനന്തപുരത്തേക്കു യാത്രയായി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍