സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് പ്രദര്‍ശനം സംഘടിപ്പിച്ചു
Tuesday, May 12, 2015 7:29 AM IST
കുവൈറ്റ്: മാതൃസഭയുടെ തനതുപാരമ്പര്യവും പൈതൃകവുമായ ആരാധന ക്രമ രീതിയെപ്പറ്റി കുവൈറ്റിലെ സീറോ മലബാര്‍ വിശ്വാസികളെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നതിനും ഇളംതലം മുറയ്ക്ക് അറിവു പകരുന്നതിനുമായി സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റ് (ടങഇഅ ഗഡണഅകഠ) സഭയുടെ ആരാധന ക്രമരീതിയെ ആസ്പദമാക്കിയുള്ള പ്രദര്‍ശനം സംഘടിപ്പിച്ചു.

അബാസിയ സെന്റ് അല്‍ഫോന്‍സ ഹാളില്‍ നടന്ന ചടങ്ങില്‍ കുട്ടികളും മുതിര്‍ന്നവരുമായി ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

പ്രദര്‍ശനവും സെമിനാറും സാല്‍മിയ ഇടവക വികാരി ഫാ. ജോണ്‍സണ്‍ നെടുമ്പുറം തിരിതെളിച്ച് ആശീര്‍വദിച്ചു. എസ്എംസിഎ പ്രസിഡന്റ് ബെന്നി താല്‍പ്പതാംകളം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡോ. പി.സി. അനിയന്‍ കുഞ്ഞ്, സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് കുവൈറ്റ് മുഖ്യ ഏകോപകന്‍ ബിനു ഗ്രിഗറി പടിഞ്ഞാറേവീട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ജോണ്‍സണ്‍ നീലംകാവില്‍ നന്ദി പറഞ്ഞു. പരിപാടികള്‍ക്ക് ജനറല്‍ സെക്രട്ടറി ജോര്‍ജ് കാലായില്‍ നേതൃത്വം നല്‍കി. കുവൈറ്റിലെ മലബാര്‍ സഭയുടെ ഏകോപനാധികാരി ഫാ. മാത്യു കുന്നേല്‍പുരയിടം പ്രദര്‍ശനനഗരി സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.

പ്രദര്‍ശനത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികള്‍ക്കായി ഡോ. പി.സി. അനിയന്‍ കുഞ്ഞ് (മാര്‍ത്തോമ വിദ്യാനികേതന്‍ ചങ്ങനാശേരി -അല്‍മായ ദൈവശാസ്ത്രം) പഠനകളരി നയിച്ചു. പ്രദര്‍ശനം മേയ് 14നു സമാപിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍