കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ്: പോരാട്ടങ്ങള്‍ കനക്കുന്നു
Tuesday, May 12, 2015 7:28 AM IST
കുവൈറ്റ്: മിഷിറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ നടന്ന മൂന്നാമത് കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളവും കാസര്‍ഗോഡും വിജയം കരസ്ഥമാക്കിയപ്പോള്‍ തൃശൂര്‍, തിരുവനന്തപുരം, ബഹര്‍ എഫ്.സി മലപ്പുറം കാലിക്കട്ട് ബോയ്സ്, കോഴിക്കോട് (കെഡിഎന്‍എ) ഫ്രണ്ട് ലൈന്‍ മലപ്പുറം മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയ തൃശൂരും തിരുവനന്തപുരവും ഗോള്‍രഹിത സമനിലയിലാവുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു പാലക്കാടിനെ എറണാകുളം പരാജയപ്പെടുത്തി. വിജയികള്‍ക്കു വേണ്ടി പ്രിന്‍സും ഏബ്രഹാമും ഗോളുകള്‍ നേടി. തുടര്‍ന്നു നടന്ന മത്സരത്തില്‍ കാസര്‍ഗോഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വയനാടിനെ തകര്‍ത്തു. കാസര്‍ഗോഡിനുവേണ്ടി റഹീം, ജഗദീഷ്, ഫവാസ് മഹമൂദ് എന്നീവര്‍ ഗോളുകള്‍ നേടി. മലപ്പുറവും കാലിക്കട്ട് ബോയ്സുമായി നടന്ന നാലാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ അവസാന മത്സരത്തില്‍ കോഴിക്കോടും ഫ്രണ്ട് ലൈന്‍ മലപ്പുറവും ഓരോ ഗോളുകള്‍ അടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30നു മിശ്രിഫ് ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഫ്രണ്ട് ലൈന്‍ മലപ്പുറം തൃശൂരുമായും കാലിക്കട്ട് ബോയ്സ് കണ്ണൂരുമായും കോഴിക്കോട് (കെഡിഎന്‍എ) വയനാടുമായും കാസര്‍ഗോഡ് തിരുവനന്തപുരമായും ബഹര്‍ എഫ്സി മലപ്പുറം പാലക്കാടുമായും ഏറ്റുമുട്ടും.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ കാണുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍