കണക്ടിക്കട്ട് മാര്‍ത്തോമ കോണ്‍ഗ്രിഗേഷന് പ്രാര്‍ഥനാ നിര്‍ഭരമായ തുടക്കം
Tuesday, May 12, 2015 7:27 AM IST
കണക്ടിക്കട്ട്: മാര്‍ത്തോമ സഭാ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ കണക്ടിക്കട്ടില്‍ പുതിയ കോണ്‍ഗ്രിഗേഷനു തുടക്കം. കണക്ടിക്കട്ടിലെ മാര്‍ത്തോമ സഭാ വിശ്വാസികളുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്ന മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ തിങ്ങി നിറഞ്ഞ സഭാ വിശ്വാസികള്‍ക്ക് അഭിമാനത്തിന്റെയും ദൈവത്തോടുളള കൃതജ്ഞതാ അര്‍പ്പണത്തിന്റെയും ധന്യ നിമിഷങ്ങളായി.

ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ മേയ് മൂന്നിനു (ഞായര്‍) നടന്ന വിശുദ്ധ കുര്‍ബാനയോടെ സഭാ വിശ്വാസികള്‍ക്കായി കോണ്‍ഗ്രിഗേഷന്‍ സമര്‍പ്പിക്കപ്പെട്ടു. ആരാധനയില്‍ കോണ്‍ഗ്രിഗേഷന്‍ വികാരി റവ. ഡെന്നീസ് ഫിലിപ്പ്, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. ബിനോയ് ജെ. തോമസ്, റവ. ഷിനോജ് ജോസഫ്, റവ. സുനില്‍ ചാണ്ടി, റവ. ആന്‍ഡ്രു ദാനിയേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആരാധനയില്‍ ഏഴു കുട്ടികള്‍ തിരുമേനിയില്‍ നിന്നും ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. കണക്ടിക്കട്ട് കോണ്‍ഗ്രിഗേഷന്‍ ആദ്യ കുര്‍ബാന കൈക്കൊണ്ട കുഞ്ഞുങ്ങളെ ഇടവകയുടെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.

തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ തിയൊഡോഷ്യസ് ഭദ്രദീപം തെളിച്ച് കോണ്‍ഗ്രിഗേഷന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. സമീപ എക്യുമെനിക്കല്‍ ഇടവകകളിലെ വൈദികരും സഭാ വിശ്വാസികളും പങ്കെടുത്ത സമ്മേളനത്തിനു എത്തിയ ഏവരെയും കോണ്‍ഗ്രിഗേഷന്‍ വികാരി റവ. ഡെന്നീസ് ഫിലിപ്പ് സ്വാഗതം ചെയ്തു. സെക്രട്ടറി എബി ജോര്‍ജ് കണക്ടിക്കട്ട് മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്റെ തുടക്കത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും സംക്ഷിപ്ത വിവരണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവ. ബിനോയ് ജെ. തോമസ് (ഭദ്രാസന സെക്രട്ടറി), റവ. ഡോറിന്‍ ബോട്ടോന്‍ (ഡീക്കന്‍ സെന്റ് പോള്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ച്), റവ. ആന്‍ഡ്രു ഡാനിയേല്‍ (സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്) റവ. സുനില്‍ ചാണ്ടി (റെക്ടര്‍ ക്രൈസ്റ് എപ്പിസ്കോപ്പല്‍ ചര്‍ച്ച്), തമ്പി കുര്യന്‍ (സഭാ കൌണ്‍സില്‍ അംഗം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഗായക സംഘം, സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ തിളക്കം കൂട്ടി. യോഗത്തില്‍ മെക്സിക്കോ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുളള ധന സഹായം അഭി. തിരുമേനിക്ക് ബാബു ശമുവേല്‍ കൈമാറി. ന്യുയോര്‍ക്ക് ലോങ് ഐലന്‍ഡ് മാര്‍ത്തോമ ഇടവകയ്ക്കുവേണ്ടി ഇടവക ഭാരവാഹികള്‍ നല്‍കിയ സ്നേഹോപഹാരം കണക്ടിക്കട്ട് കോണ്‍ഗ്രിഗേഷനുവേണ്ടി വികാരി റവ. ഡെന്നീസ് ഫിലിപ്പ് ഏറ്റുവാങ്ങി.

സമ്മേളനത്തില്‍ വിവിധ പ്രാര്‍ഥനകള്‍ക്ക് റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, പി.എം. ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. സ്നേഹവിരുന്നോടെ സമാപിച്ച സമ്മേളനത്തിനെത്തിയ ഏവര്‍ക്കും കോണ്‍ഗ്രിഗേഷന്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഫിലിപ്പ് നന്ദി പറഞ്ഞു.

ഭദ്രാസന മീഡിയ കമ്മിറ്റിക്കായി സക്കറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം