മകന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി
Tuesday, May 12, 2015 7:20 AM IST
റിയാദ്: നാലു മാസം മുന്‍പ് കൊല്ലം ജില്ലയിലെ പറവൂര്‍ റെയിവേ സ്റേഷനില്‍ മാവേലി എക്സ്പ്രസിനടിയില്‍ കുടുങ്ങി മരിച്ച മകന്റെ മരണം കൊലപാതകമാണെന്നും അതിനുത്തരവാദിയായ റെയില്‍വേ ഉദ്യോഗസ്ഥനെ അറസ്റു ചെയ്യണമെന്നുവാശ്യപ്പെട്ട് റിയാദില്‍ ജോലി ചെയ്യുന്ന പിതാവ് ഇന്ത്യന്‍ എംബസിയിലും മറ്റു അധികൃതര്‍ക്കും പരാതി നല്‍കി.

ആലപ്പുഴ ജില്ലയിലെ ചിങ്ങോലി പത്മാലയത്തില്‍ കുഞ്ഞുമോനാണ് മകന്‍ ആകാശി (18) ന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 18 നു രാത്രി 8.30നു നടന്ന സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടുകയും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയടക്കമുള്ളവര്‍ വീട്ടിലെത്തി ക്രൈംബ്രാഞ്ച് അന്വേഷണം വാഗ്ദാനം ചെയ്തെങ്കിലും കേസില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞുമോന്‍ പരാതിപ്പെട്ടു.

പ്ളസ്ടു വിദ്യാര്‍ഥിയായ ആകാശ് തിരുവനന്തപുരത്തു നിന്നും കായംകുളത്തേക്ക് വരുന്ന വഴിയാണ് പറവൂരില്‍ അപകടത്തില്‍പ്പെട്ടത്. ഓര്‍ഡിനറി ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തതിനു സുഹൃത്ത് അഖില്‍ രാധാകൃഷ്ണനോടൊപ്പം ആകാശിനെ ടിക്കറ്റ് എക്സാമിനറായ തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി അജികുമാര്‍ പിടിച്ചു തള്ളിയതിനെത്തുടര്‍ന്നാണത്രെ അപകടത്തില്‍പ്പെട്ടത്. പ്ളാറ്റ്ഫോമിലേക്ക് വീണ അഖില്‍ തലക്കു പരിക്കു പറ്റി രക്ഷപെട്ടുവെങ്കിലും ആകാശ് വണ്ടിയുടെ അടിയില്‍പ്പെട്ടു പോവുകയായിരുന്നു.

ടിടിആറിന്റെ അനാസ്ഥയും ക്രൂരമായ പെരുമാറ്റവുമാണ് വിദ്യാര്‍ഥിയായ തന്റെ മകന്‍ മരിച്ചതെന്നു കാണിച്ച് അന്നു തന്നെ കുഞ്ഞുമോന്‍ പറവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയിലായിരുന്നു അഖിലില്‍ നിന്നും മൊഴിയെടുത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതുവരെ ഒരാളെപ്പോലും ചോദ്യം ചെയ്യുകയുണ്ടായില്ലെന്നും കേസ് വഴിതിരിച്ചു വിട്ടതായി സംശയിക്കേണ്ടിയിരിക്കുന്നെന്നും കുഞ്ഞിമോന്‍ പറഞ്ഞു. ആകാശിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞുമോനും ഭാര്യ രാജേശ്വരിയും ഏക മകള്‍ രഞ്ചുവും എല്ലാ അധികാര കേന്ദ്രങ്ങളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ആരോപണ വിധേയനായ ടിടിആര്‍ അജികുമാറിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ അദ്ദേഹത്തെ തിരുനെല്‍വേലിയിലേക്ക് സ്ഥലം മാറ്റിയതായും കുഞ്ഞുമോന്‍ ആരോപിച്ചു. ആകാശ് മരിക്കുന്നതിനു മുന്‍പ് ട്രഷററായിരുന്ന ചിങ്ങോലിയിലെ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് ആകാശിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണാനുള്ള തയാറെടുപ്പിലാണ്.

13 വര്‍ഷമായി റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന കുഞ്ഞുമോന്‍ മകന്റെ മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇനിയും മോചിതനായിട്ടില്ല. നോര്‍ക്കക്കും മുഖ്യമന്ത്രിക്കും പ്രവാസികാര്യ മന്ത്രിക്കും നിവേദനം നല്‍കി കാത്തിരിക്കുന്ന കുഞ്ഞിമോനെ സഹായിക്കാനായി പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം ഒരു ആക്ഷന്‍ കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്.

ലത്തീഫ് തെച്ചി കണ്‍വീനറും സലീഷ് മാസ്റര്‍, ഷമീം ബക്കര്‍, ദിമീഷ്, അമീര്‍, ഷിബു, ഷറഫുദ്ദീന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി ഇന്ത്യന്‍ എംബസിയില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനും കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. നിവേദനങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ നാട്ടില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും ആക്ഷന്‍ കമ്മിറ്റിക്ക് പരിപാടിയുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞുമോനോടൊപ്പം സാമൂഹ്യ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചി, ആര്‍. മുരളീധരന്‍, സലീഷ് മാസ്റ്റര്‍, സാജു ജോര്‍ജ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍