നൃത്ത വിസ്മയമായി ശോഭനയുടെ 'കൃഷ്ണ'
Monday, May 11, 2015 8:20 AM IST
ലോസ് ആഞ്ചലസ്: ആത്മാര്‍പ്പണവും വര്‍ഷങ്ങള്‍ നീണ്ട പരിശീലനവും നല്‍കിയ ആത്മവിശ്വാസവുമായി തെന്നിന്ത്യന്‍ താരസുന്ദരിയും പ്രമുഖ നര്‍ത്തകിയുമായ ശോഭനയും സംഘവും അവതരിപ്പിച്ച നൃത്ത സംഗീത ശില്‍പ്പം 'കൃഷ്ണ' കാലിഫോര്‍ണിയായില്‍ വന്‍ വിജയമായി.

ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസിലെ രോടാണ്േടാ ബീച്ച് പെര്‍ഫൊമിംഗ് ആര്‍ട്സ് സെന്റെറില്‍ മേയ് ഒന്‍പതിന് (ശനി) വൈകുന്നേരം തുടങ്ങിയ പരിപാടി അക്ഷരാര്‍ഥത്തില്‍ കാണികളെ മറ്റൊരു വിസ്മയ ലോകത്തിലെത്തിച്ചു.

ഓസ്കാര്‍ അവാര്‍ഡിലൂടെ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ റസൂല്‍ പൂക്കുട്ടി ശബ്ദ വിന്യാസം നിര്‍വഹിച്ച പരിപാടിയിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് നന്ദിത ദാസ്, കൊങ്കണ സെന്‍, ശബ്ന ആസ്മി, പ്രഭു, രാധിക തുടങ്ങിയ പ്രമുഖരാണ്. ശോഭാനയുടെതന്നെ തിരക്കഥയിലും സംവിധാനത്തിലും വൃന്ദാവന്‍, മഥുര, കുരുക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ കൃഷ്ണ ലീലകള്‍ ആസ്പദമാക്കി അവതരിപ്പിച്ച ഇഗ്ളീഷിലുള്ള നൃത്ത ശില്‍പ്പം ഹാളില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്ക് കൃഷ്ണന്റെ ജന്മം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ചരിത്രം പറഞ്ഞുകൊടുത്തത് ലോസ് ആഞ്ചലസിലെ കലാസ്വാദകര്‍ക്ക് പുതുമയാര്‍ന്ന ദൃശ്യ ശ്രവ്യാനുഭൂതി പകര്‍ന്നു നല്‍കി.

പതിനെട്ടു പേരടങ്ങിയ സംഘം അമേരിക്കയില്‍ അവതരിപ്പിച്ച പതിനൊന്നാമത്തെ പരിപാടിയായിരുന്നു ലോസ് ആഞ്ചലസിലേത്. പരിപാടി വിജയമാക്കുന്നതിനു സഹകരിച്ച കലാസ്നേഹികള്‍ക്കു ഓം പ്രസിഡന്റ് രമ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍, രവി വെള്ളത്തെരി എന്നിവര്‍ നന്ദി അറിയിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ംംം.ീവാരമഹശളീൃിശമ.ീൃഴ