മദേഴ്സ് ഡേയില്‍ അമേരിക്കയിലെ മൂന്നു അമ്മമാര്‍ക്ക് ധന്യ മുഹൂര്‍ത്തം
Monday, May 11, 2015 8:14 AM IST
വാഷിംഗ്ടണ്‍ ഡിസി: എല്ലാ അമ്മമാരും മദേഴ്സ് ഡേ ആഘോഷിക്കുന്ന മേയ് 10ന് (ഞായര്‍) രാവിലെ മുതല്‍ തന്നെ പ്രിയപ്പെട്ട മക്കളുടെ ഫോണ്‍ കോളുകള്‍ പ്രതീക്ഷിക്കുന്നു എന്നതു സാധാരണയാണ്. മക്കളുടെ ഫോണ്‍ കോളുകള്‍ക്കു പകരം അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് ആശംസകള്‍ അറിയിച്ചാല്‍ അതിനു വളരെ വാര്‍ത്താ പ്രാധാന്യം ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

പ്രസിഡന്റ് ഈ മദേഴ്സ്ഡേ ധന്യമാക്കിയത് അമേരിക്കയിലെ അമ്മമാരില്‍ മൂന്നുപേരെ നേരില്‍ ഫോണില്‍ വിളിച്ചു ആശംസകള്‍ അറിയിച്ചുകൊണ്ടാണ്.

മിനിസോട്ട, അരിസോണ, ഫ്ളോറിഡ എന്നീ സ്ഥലങ്ങളിലുളള മൂന്നു അമ്മമാര്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്. മദേഴ്സ് ഡേ യ്ക്ക് മുമ്പു പല അമ്മമാരും പ്രസിഡന്റിനു നേരിട്ടു കത്തയച്ചിരുന്നു. അതില്‍ മൂന്നു പേരെയാണ് പ്രസിഡന്റ് തെരഞ്ഞെടുത്തത്.

അല്‍പ്പം കുശലാന്വേഷണങ്ങള്‍ക്കുശേഷം മാതാക്കളുടെ ത്യാഗ സമ്പന്നമായ ജീവിതത്തെ അഭിനന്ദിച്ചും മദേഴ്സ് ഡേ മംഗളങ്ങള്‍ നേര്‍ന്നുമാണ് പ്രസിഡന്റ് ഫോണ്‍ കോള്‍ അവസാനിപ്പിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍