നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെളളപ്പൊക്കവും ചുഴലിക്കാറ്റും
Monday, May 11, 2015 8:14 AM IST
ഡാളസ്: ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയും ചുഴലിക്കാറ്റും വെളളപ്പൊക്കവും നോര്‍ത്ത് ടെക്സസില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി അധികൃതര്‍ അറിയിച്ചു.

പെട്ടെന്നുണ്ടായ വെളളപൊക്കത്തില്‍ അകപ്പെട്ടുപോയ നിരവധി യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന് നാഷണല്‍ ഗാര്‍ഡിന്റെ സഹായം വേണ്ടി വന്നു. ഹെലികോപ്റ്ററിലാണ് പലരേയും രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയും മഴ ശക്തമായി. മദേഴ്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളില്‍ സംഘടിച്ച ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പലര്‍ക്കും മഴ മൂലം കഴിഞ്ഞില്ല.

വൈകിട്ട് ലഭിച്ച റിപ്പോര്‍ട്ടനുസരിച്ച് നോര്‍ത്ത് ടെക്സസില്‍ ഒരാള്‍ കൊല്ലപ്പെടുകയും പലരേയും കാണാതാവുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടേയും മേല്‍ക്കൂര ചുഴലിക്കാറ്റില്‍പ്പെട്ട് തകര്‍ന്നടിഞ്ഞു. ശക്തമായ ഒഴുക്കില്‍പ്പെട്ടു വാഹനങ്ങള്‍ പലതും കാണാതായി. ഡെന്റനില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ടൊര്‍ണാഡോയില്‍ പല മരങ്ങളും നിലം പതിച്ചു.

നോര്‍ത്ത് ടെക്സസില്‍ തിങ്കളാഴ്ച രാവിലെ വരെ ഫ്ളാഷ് ഫ്ളഡിംഗ് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

നോര്‍ത്ത് ടെക്സസില്‍ ഈ സീസണില്‍ അദ്യമായാണ് ടൊര്‍ണാഡോ ഇത്രയും ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍