ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളുടെ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നു
Monday, May 11, 2015 6:53 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കാന്‍ തുടങ്ങി. നേരത്തെ ഈടാക്കിയിരുന്ന ഫീസ് നിരക്കുകളും കൂട്ടി. അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവരുന്ന നോട്ട് എണ്ണുന്നതിന് ഇനിമുതല്‍ ബാങ്കിന് ഫീസ് നല്‍കണം. നൂറു എണ്ണംവീതമുള്ള രണ്ട് കെട്ടില്‍ കൂടുതല്‍ നോട്ടുകളുമായി എത്തിയാല്‍ എണ്ണിത്തിട്ടപ്പെടുത്തി ഉപഭോക്താവിന്റെ അക്കൌണ്ടില്‍ വരവുവയ്ക്കുമ്പോള്‍ ഒരു കെട്ട് നോട്ടിനു 10 രൂപ വീതം ഫീസ് നല്‍കണം.

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനു പുതിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അക്കൌണ്ടുള്ള ബാങ്കില്‍നിന്ന് ആറു മാസത്തിനുള്ളില്‍ 30 ഇടപാടുകള്‍ മാത്രമേ സൌജന്യമായി നടത്താനാകൂ. അതില്‍ കൂടുതല്‍ ഇടപാടുകള്‍ എടിഎമ്മിലൂടെ നടത്തിയാല്‍ ഓരോ ഇടപാടിനും അഞ്ചു രൂപ വീതം ഫീസ് നല്‍കണം. സൌജന്യപരിധി കടന്നു എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൌണ്ട് ബാലന്‍സ് തുക അറിയുന്നതിനും ഫീസ് ഈടാക്കും. സൌജന്യപരിധി കഴിഞ്ഞ ബാലന്‍സ് തുക അറിയാന്‍ 17 രൂപ വീതം ഫീസ് നല്‍കണം. പണം പിന്‍വലിച്ചില്ലെങ്കിലും സൌജന്യമായി നടത്തുന്ന ഇടപാടുകളുടെ എണ്ണം കുറയ്ക്കാനാണ് ഈ നടപടി.

അക്കൌണ്ടില്‍ മിനിമം തുക നിലനിര്‍ത്തിയില്ലെങ്കില്‍ ഈടാക്കുന്ന തുക നൂറില്‍നിന്ന് 611 രൂപയായി കൂട്ടി. ചെക്കുകള്‍ക്ക് സ്റോപ്പ് പേയ്മെന്റ് നിര്‍ദേശം നല്‍കുന്നതിന് ഉപഭോക്താവിന്റെ പക്കല്‍നിന്ന് മിനിമം 204 രൂപയാണ് ഫീസ്. ഒപ്പുകള്‍ പരിശോധിക്കുന്നതിനും ബാലന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും പലിശ സംബന്ധിച്ച് സാക്ഷ്യപത്രം നല്‍കുന്നതിനും ബാധ്യതകളില്ലെന്ന സര്‍ട്ടിഫിക്കറ്റിനും ഫോട്ടോ അറ്റസ്റേഷന്‍, ചെക്ക് സംബന്ധിച്ച റെക്കോഡുകള്‍ പരിശോധിക്കുക, അക്കൌണ്ട് വിവരങ്ങള്‍ ശേഖരിക്കുക, മറ്റൊരു ബ്രാഞ്ചിലേക്ക് അക്കൌണ്ട് മാറ്റുക എന്നിവകള്‍ക്ക് 102 രൂപവീതം തുക ഈടാക്കും. ഈ ഫീസുകള്‍ ഹിഡന്‍ ചാര്‍ജ് എന്നാണ് രേഖപ്പെടുത്തുന്നത്.

പവര്‍ ഓഫ് അറ്റോര്‍ണി മുഖേന ഒരാളുടെ അക്കൌണ്ട് മറ്റൊരാള്‍ കൈകാര്യം ചെയ്യുന്നതിന് ഇനിമുതല്‍ 509 രൂപ നല്‍കണം. ചെക്ക് മടങ്ങിയാലുള്ള പിഴ 150 രൂപയില്‍ നിന്ന് 256 രൂപയാക്കി ഉയര്‍ത്തി. അടിയന്തരമായി ചെക്ക് ആവശ്യപ്പെട്ടാല്‍ ഓരോന്നിനും രണ്ടുരൂപ വീതം ഈടാക്കും. സ്വര്‍ണപണയ വായ്പകള്‍ കൃത്യദിവസം തിരിച്ചടച്ചില്ലെങ്കില്‍ സ്വര്‍ണം സുരക്ഷിതമായി സൂക്ഷിച്ചതിനു സേഫ് കസ്റഡി ചാര്‍ജ് എന്ന പേരില്‍ 850 രൂപ ഈടാക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍