ബ്രിസ്റോള്‍ സീറോ മലബാര്‍ ചര്‍ച്ച് പ്രോജക്ട് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ ഉദ്ഘാടനം ചെയ്തു
Monday, May 11, 2015 6:43 AM IST
ബ്രിസ്റോള്‍: സ്വന്തമായൊരു പള്ളിയും അനുബന്ധ സൌകര്യങ്ങളും എന്നതു വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ചയുടെ പ്രതീകമാണെന്ന് സീറോ മലബാര്‍ സഭയുടെ പ്രവാസികാര്യ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഉജ്ജയിന്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍.

ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളിയുടെ ചര്‍ച് പ്രോജക്ടിനു ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തിലധിഷ്ട്ടിതമായി സജീവമായി പ്രവര്‍ത്തിക്കുന്ന 16 ഫാമിലി യൂണിറ്റുകളും 350ല്‍ പരം കുട്ടികള്‍ ക്ളാസ് അടിസ്ഥാനത്തില്‍ വിശ്വാസ പരിശീലനം നേടുന്ന സണ്‍ഡേ സ്കൂളും ബ്രിസ്റോള്‍ സമൂഹത്തിന്റെ വളര്‍ച്ചയുടെ വ്യാപ്തി വെളിവാക്കുന്നു. ഇതിനായി സഭാ സമൂഹത്തിനു പ്രചോദനമേകുന്ന വികാരി ഫാ. പോള്‍ വെട്ടിക്കാട്ട്, പള്ളി കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ബിഷപ് പ്രശംസിച്ചു. നിരവധി പരിപാടികളുമായി മുതിര്‍ന്നവരോടോത്തു സഭാ കാര്യങ്ങളില്‍ വ്യാപൃതരാവുന്ന സെന്റ് തോമസ് യൂത്ത് ലീഗും പ്രാര്‍ഥനാ ചൈതന്യത്തോടെ നീങ്ങുന്ന പുരുഷ കൂട്ടായ്മയായ സോളും, ഉപവി പ്രവര്‍ത്തനം മുഖ മുദ്രയാക്കിയ ലേഡീസ് ക്ളബ്ബും കുട്ടികളുടെ മിഷന്‍ ലീഗും തിരുബാല സഖ്യവും കേരളത്തിലെ ഇടവകകള്‍ക്കുപോലും മാതൃകയാണ്. ഇവയുടെ നടത്തിപ്പിനായി നേതൃത്വം കൊടുക്കുന്നവര്‍ വിലമതിക്കാനാവാത്ത സേവനമാണ് സഭാ സമൂഹത്തിനു ചെയ്യുന്നതെന്നും മാര്‍ വടക്കേല്‍ പറഞ്ഞു.

ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനെത്തിയ മാര്‍ വടക്കേലിനെ മിഷന്‍ ലീഗിലെയും തിരുബാല സഖ്യത്തിലെയും അംഗങ്ങളാണ് ബലി വേദിയിലേക്ക് ആനയിച്ചത്. തുടര്‍ന്നു ദേവാലയത്തില്‍ പ്രത്യേകം തയാറാക്കിയ നിലവിളക്ക് തെളിച്ചാണ് ചര്‍ച്ച് പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പറടിയില്‍, വികാരിയും സീറോ മലബാര്‍ ക്ളിഫ്ടന്‍ രൂപത ചാപ്ളെയിനുമായ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ബോണി അഗസ്റിന്‍ വെട്ടംതടത്തില്‍ സിഎംഐ, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സിസ്റര്‍ ലീന മേരി, കൈക്കാരാന്മാരായ ജോണ്‍സന്‍ മാത്യു, സിജി വാധ്യാനത്, സമൂഹ പ്രതിനിധിയായി ജോസഫ് ചാക്കോ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

വിശുദ്ധ കുര്‍ബാനക്കുശേഷം കമ്മിറ്റി അംഗങ്ങള്‍, വേദ പാഠ അധ്യാപകര്‍, മറ്റു ഇടവകാംഗങ്ങള്‍ എന്നിവരുമായി ഒറ്റയ്ക്കും കൂട്ടായും സംസാരിച്ചതിനുശേഷം ഇടവകക്കാരോടോത്തുള്ള സ്നേഹ വിരുന്നിലും മാര്‍ വടക്കേലും ഫാ. തോമസ് പറടിയിലും പങ്കെടുത്തു. ബ്രിസ്റോള്‍ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയില്‍ ദൈവത്തിനു നന്ദി പറയുന്നതോടൊപ്പം പുതിയ കാല്‍ വയ്പിനു എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നുകൊണ്ടാണ് മാര്‍ സെബാസ്റ്യന്‍ വടക്കേലിന്റെ ബ്രിസ്റോള്‍ ഇടവക സന്ദര്‍ശനം പൂര്‍ത്തിയായത്.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു