പൊതുസ്ഥലങ്ങളിലെ അതിക്രമം: കര്‍ശന നടപടികളുമായി കുവൈറ്റ് പോലീസ്
Monday, May 11, 2015 6:42 AM IST
കുവൈറ്റ്: പൊതുസ്ഥലങ്ങളില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സുരക്ഷാ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

അങ്ങാടികള്‍, മാര്‍ക്കറ്റുകള്‍, ജംഇയ്യകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മറ്റുള്ളവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് ശിക്ഷാ നടപടികള്‍ ശക്തമാക്കുന്നത്. അക്രമം നടത്തിയവര്‍ക്ക് തടവുശിക്ഷ വരെ നല്‍കാനാണ് സുരക്ഷാ കേന്ദ്രങ്ങള്‍ ആലോചിക്കുന്നത്. ഈയിടെയായി പൊതുസ്ഥലങ്ങളില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സാമൂഹികാന്തരീക്ഷം വഷളാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിന്റെ സല്‍പേരിന് കളങ്കം വരുത്തുന്നതാണെന്നും സുരക്ഷാ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ശക്തമായ നിയമങ്ങളുള്ള രാജ്യത്ത് അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ലെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പു നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍