ബ്രിട്ടനെ കൂടുതല്‍ മഹത്തരമാക്കും: കാമറോണ്‍
Saturday, May 9, 2015 8:19 AM IST
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനെ ഗ്രേറ്റര്‍ ബ്രിട്ടനാക്കുകയാണ് ഇനി തന്റെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്ത് രണ്ടാം ടേമിലേക്ക് കടക്കുന്ന ഡേവിഡ് കാമറോണ്‍ പ്രഖ്യാപിച്ചു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ പോയ ശേഷം അദ്ദേഹം ഡൌണിംഗ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയില്‍ മടങ്ങിയെത്തി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്.

650 അംഗ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 331 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത്, കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിലും അഞ്ചെണ്ണം കൂടുതല്‍. മറ്റു പാര്‍ട്ടികളുടെയൊന്നും സഹായമില്ലാതെ ഭരിക്കാന്‍ ഇതുപകരിക്കും. 1992നു ശേഷം ആദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാര്‍ലമെന്റില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്.

തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ്, ഉപപ്രധാനമന്ത്രിയും ലിബറല്‍ ഡെമോക്രാറ്റ് നേതാവുമായ നിക്ക് ക്ളെക്ഷ്, യുകെഐപി നേതാവ് നിഗല്‍ ഫാരാജ് എന്നിവര്‍ രാജിവച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍