സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും
Saturday, May 9, 2015 5:39 AM IST
ഡാളസ്: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ 30 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപന ശുശ്രൂഷയും ഏപ്രില്‍ 26 ന് (ഞായര്‍) ഷിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ, ഫാ. ജോസഫ് അമ്പാട്ട്, ഫാ ജോസ് എല്‍എഫ് പടിഞ്ഞാറേപീടിക എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

ഫാ. ജോണ്‍സ്റി തച്ചാറയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകരായ മറിയാമ്മ (ജോളി) പെരിഞ്ചേരിമണ്ണില്‍, കുരുവിള ഏബ്രാഹം, സുജാത ജോര്‍ജ്, സിസിഡി കോഓര്‍ഡിനേറ്റേഴ്സ് ലീന ജേക്കബ്, ബെന്നി ജോസ് എന്നിവരാണ് കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത്.

കുട്ടികളിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കുവാന്‍ മുതിര്‍ന്നവര്‍ മാതൃകാപരമാകണമെന്നു മാര്‍ ആലപ്പാട്ട് വിശുദ്ധ കുര്‍ബാന മധ്യേ പറഞ്ഞു. വിശ്വാസം ജീവിക്കുന്നത് ആരാധന ക്രമങ്ങളിലൂടെയണ്. കൂദാശകളിലും ആരാധനക്രമങ്ങളിലും ഇംഗ്ളീഷ് ഭാഷ കൂടുതല്‍ ഉപയോഗിച്ചു കുട്ടികള്‍ക്ക് ഇമ്പകരമാകുന്ന രീതിയില്‍ കുട്ടികളുടെ പ്രാതിനിത്യം ഉറപ്പുവരുത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ ആലപ്പാട്ട് ആഹ്വാനം ചെയ്തു.

സഹായമെത്രാനായ ശേഷം ആദ്യമായി ഇടവകയിലെത്തിയ മാര്‍ ജോയ് ആലപ്പാട്ടിനു ഇടവകാംഗങ്ങള്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. വികാരി. ഫാ ജോണ്‍സ്റി തച്ചാറക്കൊപ്പം ട്രസ്റിമാരായ അപ്പച്ചന്‍ ആലപ്പുറം, പോള്‍ ആലപ്പാട്ട്, നൈജോ മാത്യു, ജൂഡിഷ് മാത്യു എന്നിവര്‍ ചേര്‍ന്ന് ബൊക്കെയും കത്തിച്ച തിരിയും നല്‍കി പിതാവിനെ വരവേറ്റു.

ദേവാലയത്തിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന യോഗത്തില്‍ മാര്‍ ജോയ് ആലപ്പാട്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ചു ഷീലറ്റ് ജോസഫ് അഭിനന്ദനവും ആശംസയും അര്‍പ്പിച്ചു. ഇടവകയുടെ സ്നേഹോപഹാരം ട്രസ്റിമാര്‍ മാര്‍ ആലപ്പാട്ടിനു കൈമാറി. നേഹാ മാത്യു കൂദാശ സ്വീകരിച്ച കുട്ടികളുടെ പേരില്‍ നന്ദി പറഞ്ഞു. കൂദാശകള്‍ സ്വീകരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ ദേവാലയാങ്കണത്തില്‍ വിരുന്നു സല്‍ക്കാരവും നടത്തി.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍