സൌത്ത് വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Saturday, May 9, 2015 2:44 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനം 2015 ജൂലൈ എട്ടു മുതല്‍ പതിനൊന്നു വരെ നടത്തുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ പുര്‍ണ്ണസമയ സാന്നിധ്യവും നേതൃത്വവും ഈവര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണ്.

മുഖ്യക്ളാസുകള്‍ക്കു നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് തിരുമേനി, ഓര്‍ത്തഡോക്സ് സഭയിലെ പ്രശസ്ത വാഗ്മിയായ റവ.ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നു. കോണ്‍ഫറന്‍സിന്റെ മുഖ്യ ചിന്താവിഷയമായ 'ഭവനം ഒരു ദേവാലയം' അടിസ്ഥാനമാക്കിയുള്ള ക്ളാസുകള്‍, വേദപാഠം, ചര്‍ച്ചകള്‍ എന്നിവ ഉണ്ടായിരിക്കും.

ഡാളസിലുള്ള ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണു കോണ്‍ഫറന്‍സ് നടത്തുന്നത്. ആയിരിത്തി അഞ്ഞൂറിലധികം ആളുകള്‍ക്ക് ഒരേസമയം ഇരുന്നു വീക്ഷിക്കാവുന്ന ബാങ്ക്വറ്റ് ഹാളും, വിവിധ കോണ്‍ഫറന്‍സ് ഹാളുകളും, ഗെയിംസ് ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ തുടങ്ങിയ വിശാല സൌകര്യങ്ങള്‍ ഹോട്ടലിലുണ്ട്.

ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ടേഷന്‍ സൌകര്യം ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ഞൂറുപേര്‍ കോണ്‍ഫറന്‍സില്‍ രജിസ്റര്‍ ചെയ്തുകഴിഞ്ഞതായി കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ പറഞ്ഞു.

ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചു ഭദ്രാസന അസംബ്ളി ജൂലൈ എട്ടാംതീയതി സെന്റ് മേരീസ് വലിയ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു.

2009-ല്‍ രൂപീകൃതമായ സൌത്ത് വെസ്റ് ഭദ്രാസനത്തിന്റെ രണ്ടാമത് ഫാമിലി കോണ്‍ഫറന്‍സാണിത്. ആദ്യത്തേത് 2012-ല്‍ ഫ്ളോറിഡയില്‍ വെച്ചു നടന്നു.

ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് (പ്രസിഡന്റ്), റവ.ഫാ. മാത്യു അലക്സാണ്ടര്‍ (ഡയറക്ടര്‍), എല്‍സണ്‍ സാമുവേല്‍ (സെക്രട്ടറി), ലിജീത്ത് മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയും, ഡാളസിലെ ഇടവക വികാരിമാരും അത്മായരും അടങ്ങിയ കമ്മിറ്റിയുമാണ് 2015 ഫാമിലി കോണ്‍ഫറന്‍സിനു നേതൃത്വംനല്‍കുന്നത്.

ഫിനാന്‍സ് - സുവനീര്‍ കമ്മിറ്റികളുടെ ചുമതലയില്‍ ഭദ്രാസന ഡയറക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.

ഓര്‍ത്തഡോക്സ് സഭയുടെ 2015 സൌത്ത് വെസ്റ് ഫാമിലി കോണ്‍ഫറന്‍സ് സഭാ വിശ്വാസികളുടെ ഒത്തുചേരലിനും സമൂഹനന്മയ്ക്കും ഗുണകരമാകുമെന്നു ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയോസ് പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം