ചര്‍ച്ചയ്ക്കു തയാറാകാതെ യൂണിയന്‍; ജര്‍മനിയില്‍ റെയില്‍ സമരം തുടരുന്നു
Friday, May 8, 2015 8:11 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ തുടരുന്ന ഒരാഴ്ചത്തെ റെയില്‍ സമരം പാതിവഴി അവസാനിപ്പിക്കാന്‍ മാനേജ്മെന്റ് നടത്തിയ ശ്രമം പരാജയം. ചര്‍ച്ചയ്ക്കുള്ള ക്ഷണം ട്രെയിന്‍ ഡ്രൈവര്‍മാരുടെ യൂണിയന്‍ നിരസിച്ചു.

ഞായറാഴ്ച വരെ പണിമുടക്ക് നടത്തുമെന്നാണു യൂണിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മന്ത്രി മത്യാസ് പ്ളാറ്റ്സെക്കിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്താമെന്നായിരുന്നു മാനേജ്മെന്റിന്റെ നിര്‍ദേശം. എന്നാല്‍, ഇതു വെറും പിആര്‍ പ്രഹസനമാണെന്നാരോപിച്ചു യൂണിയന്‍ നേതാക്കള്‍ നിര്‍ദേശം തള്ളുകയായിരുന്നു.

ചരക്കു ട്രെയിനുകള്‍ തിങ്കളാഴ്ച മുതലും പാസഞ്ചര്‍ ട്രെയ്നുകള്‍ ചൊവ്വാഴ്ച മുതലും സര്‍വീസ് നടത്തുന്നില്ല. ദീര്‍ഘദൂര സര്‍വീസുകളില്‍ മൂന്നിലൊന്നു മാത്രമാണ് ഓടുന്നത്. പ്രാദേശിക സര്‍വീസുകളില്‍ പതിനഞ്ച് ശതമാനം മാത്രവും.

2014 സെപ്റ്റംബറില്‍ ആരംഭിച്ച സമര പരമ്പരകളില്‍ എട്ടാമത്തേതും ഏറ്റവും ദൈര്‍ഘ്യമേറിയതുമാണ് ഇപ്പോള്‍ നടക്കുന്നത്. ശമ്പളം, ജോലിസമയം എന്നീ വിഷയങ്ങളിലാണു യൂണിയനും മാനേജ്മെന്റും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍