എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ യുവതിക്കു സുഖപ്രസവം
Friday, May 8, 2015 8:10 AM IST
പാരീസ്: കഴിഞ്ഞ ദിവസം പാരീസില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഫ്രാന്‍സ് വിമാനത്തില്‍, പുറപ്പെടുമ്പോഴത്തേതിനെ അപേക്ഷിച്ച് ഒരു പാസഞ്ചര്‍ കൂടുതലായിരുന്നു. വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യുവതി യാത്രാമധ്യേ പ്രസവിച്ചു. യാത്രക്കാരനായി ഒരു ഡോക്ടര്‍കൂടിയുണ്ടായിരുന്നതു ഭാഗ്യമായി.

വിമാനം ഡാകറിനും പാരീസിനുമിടയിലെത്തിയപ്പോഴായിരുന്നു പ്രസവം. വിമാനത്തിലുണ്ടായിരുന്ന ഭൂരിപക്ഷം യാത്രക്കാരും അപ്പോള്‍ സംഭവം അറിഞ്ഞതുപോലുമില്ല എന്നതാണു കൂടുതല്‍ കൌതുകകരം.

വിമാനം ടേക്ക് ഓഫ് ചെയ്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ്, യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോ എന്നു പൈലറ്റ് ഇന്റര്‍കോമിലൂടെ വളരെ ശാന്തനായി ചോദിക്കുന്നത്. തുടര്‍ന്നു ഒരു ഡോക്ടര്‍ വിമാനത്തിന്റെ പിന്‍ഭാഗത്തേക്കു പോകുന്നതും കണ്ടു.

വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ, കുട്ടി ജനിച്ചതായി പൈലറ്റിന്റെ പ്രഖ്യാപനം വന്നു. യാത്രക്കാര്‍ കൈയടിച്ച് ആഹ്ളാദവും അഭിനന്ദനവും പ്രകടിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍