ഐഎസ്സി യൂത്ത് ഫെസ്റിനു തിരിതെളിഞ്ഞു
Friday, May 8, 2015 6:42 AM IST
അബുദാബി: തലസ്ഥാന നഗരിയില്‍ മൂന്നു ദിവസങ്ങളിലായി മൂന്നൂറിലേറെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഇന്ത്യ സോഷ്യല്‍ സെന്റര്‍ യൂത്ത് ഫെസ്റിനു തിരി തെളിഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ ഷെയ്ഖ് അല്‍ മസ്കാരി മുഖ്യാതിഥിയായി പങ്കെടുത്തു. ഐഎസ് സി പ്രസിഡന്റ് രമേശ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോഡ്ഫ്രേ ആന്റണി, എയര്‍ ഇന്ത്യ മാനേജര്‍ ഡോ. നവീന്‍കുമാര്‍, ന്യൂക്ളിയസ് പ്രോപ്പര്‍ട്ടീസ് സീനിയര്‍ സെയില്‍സ് മാനേജര്‍ വിനോദ്കുമാര്‍, അല്‍ ബസ്മ ബ്രിട്ടീഷ് സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ കെ.കെ. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്നു കഥക്, ഒഡീസി, നാടോടിനൃത്തം, സിനിമാഗാന മത്സരം എന്നിവ അരങ്ങേറി. ഐഎസ്സിയില്‍ ഒരുക്കിയിരിക്കുന്ന അഞ്ചു വേദികളിലായിട്ടാണ് 18 ഇനങ്ങളില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നത്.

വെള്ളി രാവിലെ ഒമ്പതിനു മത്സരങ്ങള്‍ ആരംഭിക്കും. ശനി രാത്രി എട്ടിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുമെഡലുകള്‍ സമ്മാനിക്കും.

മത്സരങ്ങളില്‍നിന്ന് ഏറ്റവുമധികം വ്യക്തിഗത പോയിന്റുകള്‍ നേടുന്നവരില്‍നിന്നു കലാപ്രതിഭ, കലാതിലകം എന്നീ പ്രതിഭകളെ തെരഞ്ഞെടുക്കും.

ന്യൂക്ളിയസ് പ്രോപ്പര്‍ട്ടീസ് എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളാണു മുഖ്യ സ്പോണ്‍സര്‍മാര്‍.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള