ഇന്ത്യന്‍ രൂപയുടെ മൂല്യം റിക്കാര്‍ഡ് തകര്‍ച്ചയില്‍; ഒരു റിയാലിന് 17 രൂപയിലധികം
Friday, May 8, 2015 5:40 AM IST
റിയാദ്: യുഎസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനമയ മൂല്യം 20 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയപ്പോള്‍ സൌദി റിയാലുമായുള്ള നിരക്കിലും റിക്കാര്‍ഡ് കുറവ് രേഖപ്പെടുത്തി. വ്യാഴാഴ്ച അല്‍ രാജ്ഹി എക്സ്ചേഞ്ച് സെന്ററില്‍ ആയിരം ഇന്ത്യന്‍ രൂപക്ക് 59.69 സൌദി റിയാല്‍ ആയിരുന്നു വിനിമയ നിരക്ക്. ഇത് അടുത്തകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണ്.

ഇന്ത്യന്‍ പുതിയ സാമ്പത്തിക നയങ്ങളില്‍ അസംതൃപ്തിയുള്ള വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ പണം ഇന്ത്യന്‍ മാര്‍ക്കറ്റില്‍നിന്നും പിന്‍വലിക്കാന്‍ തുടങ്ങിയതാണു ഡോളറിനുമേല്‍ ഇന്ത്യന്‍ രൂപയുടെ വില വന്‍തോതില്‍ ഇടിയാന്‍ കാരണമായതെന്നാണു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയില്‍ പെട്രോള്‍ വിലയില്‍ അടിക്കടി ഉണ്ടാകുന്ന വില വര്‍ധനയും ഇതിനൊരു കാരണമാണ്. മിക്ക വിദേശ കറന്‍സികളും വിലയിടിവ് നേരിട്ടപ്പോഴും ഇന്ത്യന്‍ രൂപയ്ക്ക് പിടിച്ചുനില്‍ക്കാന്‍ വിദേശ ിക്ഷേപം സഹായകമായിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റിലെ അനിശ്ചിതത്വം കാരണം വരുംദിവസങ്ങളില്‍ രൂപയുടെ മൂല്യം കൂടുതല്‍ താഴോട്ട് പോകുമെന്നാണു വിദഗ്ദരുടെ കണക്കുകൂട്ടല്‍.

അടുത്ത കാലത്ത് ഇത്രയും താഴെ ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് വന്നിട്ടില്ലെന്ന് തഹ്വീല്‍ അല്‍ രാജ്ഹി മാനേജര്‍ ബദര്‍ അല്‍ രാജ്ഹി അഭിപ്രായപ്പെട്ടു. ശമ്പളം കിട്ടിയ ആദ്യ ദിവസങ്ങളില്‍ത്തന്നെ സാധാരണ തൊഴിലാളികള്‍ പണം നാട്ടിലയച്ചിരുന്നു. എക്സ്ചേഞ്ച് സെന്ററുകളിലെ തിരക്ക് കുറഞ്ഞു വരുന്ന സമയത്താണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതെന്ന് ബദര്‍ അല്‍ രാജ്ഹി പറഞ്ഞു. തന്റെ എക്സ്ചേഞ്ച് സെന്ററിലെത്തുന്ന ഉപഭോക്താക്കളില്‍ അധികവും ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് നിരക്ക് മെച്ചപ്പെടുകയും പണമയക്കുന്നത് കൂടുതല്‍ എളുപ്പമാകുകയും ചെയ്തതോടെ ഹുണ്ടി മുഖേന അനധികൃതമായി പണമയക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിരുന്നു. അനധികൃത പണമിടപാടു നടത്തുന്നവരില്‍ പലരേയും സൌദിയില്‍ അധികൃതര്‍ അടുത്ത കാലത്ത് പിടി കൂടുകയും ചെയ്തതിനാല്‍ കുഴല്‍പ്പണ വിനിമയ നിരക്കും എക്സ്ചേഞ്ച് സെന്ററിലെ നിരക്കും വലിയ മാറ്റമുണ്ടായിരുന്നില്ല.

ഇന്ത്യയില്‍ ബുധനാഴ്ച 63.54 രൂപയായിരുന്നു യു.എസ് ഡോളറിനെങ്കില്‍ വ്യാഴാഴ്ച അത് 64.23 ല്‍ എത്തി. സെപ്റ്റംബര്‍ 2013 നു ശേഷം ഇത്രയും താഴ്ന്ന നിലയില്‍ രൂപ എത്തുന്നത് ഇതാദ്യമാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍