ബയേണിനെ ബാഴ്സ മെസിയിലൂടെ ചവിട്ടിയരച്ചു
Thursday, May 7, 2015 8:09 AM IST
ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനലിലെ ആദ്യപാദ മത്സരത്തില്‍ ബാഴ്സലോണയ്ക്കു ജയം. ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ചിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണു സ്പാനിഷ് വമ്പന്‍മാര്‍ മുക്കിക്കളഞ്ഞത്.

യഥാര്‍ഥത്തില്‍, അര ഡസന്‍ ഗോളെങ്കിലും വീഴേണ്ട തരത്തിലുള്ള പ്രതിരോധ പിഴവുകള്‍ വരുത്തിയ ബയേണ്‍ നാണക്കേടിന്റെ വലുപ്പം കുറഞ്ഞതിനു നന്ദി പറയേണ്ടത് അവസരങ്ങള്‍ തുലച്ച ബാഴ്സയുടെ മുന്നേറ്റനിരയോടാണ്.

ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്കു ശേഷം, രണ്ടാം പകുതിയും പാതി പിന്നിട്ട ശേഷമായിരുന്നു ബാഴ്സയുടെ മൂന്നു ഗോളും. മിന്നല്‍ പോലൊരു ലോംഗ് റേഞ്ചറിലൂടെ ലയണല്‍ മെസിയാണ് ആദ്യം വല കുലുക്കിയത്. മാന്വല്‍ ന്യൂയറുടെ വെല്ലുവിളിക്കു മറുപടി അതുപോരെന്ന തോന്നലില്‍നിന്നാകാം, ഒറ്റയ്ക്കൊരു മുന്നേറ്റത്തിലൂടെ ജര്‍മന്‍ ഗോളിയെ നിഷ്പ്രഭനാക്കി അര്‍ജന്റൈന്‍ ഇതിഹാസം രണ്ടാം വട്ടവും വല കുലുക്കി.

ഓഫ് സൈഡ് കെണി പൊളിച്ച് ചാട്ടുളി പോലെ കുതിച്ച നെയ്മറാണ്, ന്യൂയറെ ഒരിക്കല്‍ക്കൂടി കാഴ്ചക്കാരനാക്കി നിസാരമായി മൂന്നാം ഗോളും ബയേണിന്റെ വലയില്‍ നിക്ഷേപിച്ചത്.

രണ്്ടാം പാദം ബയേണിനു ഹോം മത്സരമായിരിക്കുമെങ്കിലും മൂന്നു ഗോളിന്റെ വ്യത്യാസം മറികടക്കുക ഇനി അസാധ്യമെന്നു തന്നെ കരുതാം. ആദ്യ സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ യുവന്റസ് റയല്‍ മാഡ്രിഡിനെ രണ്ടിനെതിരേ ഒരു ഗോളിനു കീഴടക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍