നേപ്പാള്‍ ജനതയ്ക്ക് ഫൊക്കാനയുടെ സാന്ത്വനം
Thursday, May 7, 2015 6:34 AM IST
ന്യൂയോര്‍ക്ക്: ഭൂകമ്പം നാശംവിതച്ച് നേപ്പാളില്‍ ഫൊക്കാനയുടെ സാന്ത്വനം എത്തിക്കാന്‍ ശ്രമിക്കുന്നു. ഏഴായിരത്തോളം ആളുകളുടെ മരണം കവര്‍ന്ന നേപ്പാളില്‍ ആഹാരവും പാര്‍പ്പിടവുമില്ലാതെ ലക്ഷോപലക്ഷം പേരും അതില്‍ പത്തുലക്ഷത്തില്‍പരം കുട്ടികളും ഉള്‍പ്പെടും.

വിശന്നുവലഞ്ഞ് ആഹാരത്തിനുവേണ്ടി യാചിക്കുന്ന കാഴ്ചയാണ് നേപ്പാളില്‍ കാണാന്‍ കഴിയുന്നത്. കോടികളുടെ നാശനഷ്ടമാണ് ഇവിടു സംഭവിച്ചത്.

നമ്മുടെ അയല്‍രാജ്യമായ നേപ്പാളിന് ഈ ദുരവസ്ഥ വന്നപ്പോള്‍ അവരെ സഹായിക്കേണ്ട കടമ അമേരിക്കയിലെ മലയാളി സമൂഹത്തിനുണ്ട്. ഈ കടമ ഫൊക്കാന ഏറ്റെടുക്കുകയും നേപ്പാളിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷണത്തിനുംവേണ്ടി സഹായം നല്‍കുന്നതിനും ഫൊക്കാന അതിന്റെ അംഗസംഘടനകളോടൊത്തു ഒരു ദുരിതാശ്വാസനിധി രൂപവത്കരിക്കാനും കഴിയുന്നിടത്തോളം സഹായധനം സമാഹരിച്ച് നേപ്പാളില്‍ കഷ്ടപ്പെടുന്ന ജനതയ്ക്കു നല്‍കാനും തീരുമാനിച്ചു.

നേപ്പാള്‍ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും ഫൊക്കാന നടത്തുന്ന ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്ന് നേപ്പാള്‍ എംബസി ഇന്‍ചാര്‍ജ് ഋഷി റാം ഘിമിരെ അഭിപ്രായപെട്ടു. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് ഫൊക്കാന നടത്തുന്ന സേവന പ്രവര്‍ത്തനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സഹായനിധിയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.