തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ് മാര്‍ ക്രിസോസ്റം സ്വപ്നപദ്ധതിക്കു ധനസഹായം നല്കി
Thursday, May 7, 2015 5:35 AM IST
ഡാളസ്: ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ പുനരധിവാസത്തിനായുള്ള വൈഎംസിഎയുടെ മാര്‍ ക്രിസോസ്റം സ്വപ്ന പദ്ധതിക്കു തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ് സഹായം നല്‍കി. ഏപ്രില്‍ 12നു കരോള്‍ട്ടനില്‍ നടത്തപ്പെട്ട മീറ്റിംഗില്‍, പദ്ധതിയുടെ രക്ഷാധികാരിയായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് അസോസിയേഷന്‍ ട്രഷറര്‍ മാത്യു സാമുവേല്‍ ധനസഹായം കൈമാറി. തിരുവല്ല അസോസിയേഷന്റെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രസിഡന്റ് സോണി ജേക്കബ് വിശദീകരിച്ചു, ഇത് രണ്ടാം തവണയാണ് ഈ പദ്ധതിക്കായി സഹായം നല്‍കുന്നതെന്നു സോണി ജേക്കബ് അറിയിച്ചു.

2014 മേയ് മാസത്തില്‍ നടത്തിയ 'ഉല്ലാസത്തിരമാല' പരിപാടിയില്‍ നിന്നു സമാഹരിച്ച തുകയാണ് പദ്ധതിക്കായി നല്കിയത് . മാര്‍ത്തോമ സഭയുടെ കൌണ്‍സില്‍ മെമ്പര്‍മാരായ സഖറിയ മാത്യു മാമ്മൂട്ടില്‍ (സുനു മാത്യു), പ്രമുഖ വ്യവസായി വര്‍ഗീസ് ചാമത്തില്‍ തുടങ്ങിയവര്‍ തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ളാഘിച്ചു. മറുപടി പ്രസംഗത്തില്‍, മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത തിരുവല്ല അസോസിയേഷന്റെ സഹായത്തിനു നന്ദി പറയുകയും, ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അസോസിയേഷന്‍ വഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്തു. തുടര്‍ന്നും സഹായം നല്‍കണമെന്നു അഭ്യര്‍ഥിച്ച മെത്രാപ്പോലീത്തയ്ക്ക്, പ്രസിഡന്റ് സോണി ജേക്കബ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ട്രഷറര്‍ മാത്യു സാമുവേല്‍ നന്ദി പ്രകാശിപ്പിച്ചു. സുനില്‍ തലവടി, ബിനോ മാത്യു , ബിനോ കുന്നില്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. മേയ് 16 നു റിച്ചാഡ്സനിലെ ക്രൌളി പാര്‍ക്കില്‍ നടക്കുന്ന അസോസിയേഷന്റെ പിക്കിനിക്കിലേക്കു തിരുവല്ല സ്വദേശികളെയും, സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി ബിജു വര്‍ഗീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍