ജര്‍മനിയില്‍ നാലു വലതുപക്ഷ തീവ്രവാദികള്‍ പിടിയിലായി
Wednesday, May 6, 2015 8:19 AM IST
ബര്‍ലിന്‍: ജര്‍മനിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട നാലു പേരെ പോലീസ് അറസ്റുചെയ്തു. മുസ്ലിം പള്ളികളിലും അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ക്യാമ്പുകളിലും ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് വെളിപ്പെടുത്തി. വലതുപക്ഷ തീവ്രവാദികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. ജര്‍മന്‍ പൌരത്വമുള്ള 56, 47, 39 എന്നീ പ്രായമുള്ള പുരുഷന്മാരും 22 കാരിയായ യുവതിയുമാണ് സംഘത്തിലുള്ളത്.

ഓള്‍ഡ് സ്കൂള്‍ സൊസൈറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ഇവരുടെ പക്കല്‍ നിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു.

ജര്‍മനിയിലെ അഞ്ചു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. പ്രത്യേകം പരിശീലനം ലഭിച്ച 250 ഓളം കമാന്‍ഡോ പോലീസുകളാണ് റെയ്ഡ് സംഘത്തില്‍ ഉണ്ടായിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍