ഹിന്ദു ഐക്യവേദി പ്രഭാഷകര്‍ക്കു വീസ നിഷേധിച്ച സംഭവുമായി ഒഐസിസിക്കു ബന്ധമില്ല: എന്‍. സുബ്രഹ്മണ്യന്‍
Wednesday, May 6, 2015 6:17 AM IST
ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രഭാഷകര്‍ക്കു വീസ നിഷേധിച്ച സംഭവുമായി ഒഐസിസിക്കു പങ്കുണ്െടന്ന വാര്‍ത്ത അടിസ്ഥാനരഹിതവും ഒഐസിസിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും ഒഐസിസിയുടെ ചാര്‍ജ് വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം പറഞ്ഞു.

മതസൌഹാര്‍ദത്തിനു പേരുകേട്ട ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ഒരു കൂരയില്‍ ഉറങ്ങുന്ന യുകെയില്‍ വിഭാഗീയത വളര്‍ത്താനുള്ള കുത്സിത ശ്രമമാണിതെന്നും മലയാളിസമൂഹം ഇതു മനസിലാക്കി ഇത്തരം ജല്‍പ്പനങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഒഐസിസി പ്രവര്‍ത്തകരെ ഒറ്റ തിരിഞ്ഞാക്രമിക്കുന്ന സംഘടിതശ്രമം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും. ഏതൊരു മതവിഭാഗത്തിന്റെയും ചടങ്ങുകളിലോ വിശ്വാസത്തിലൊ കൈ കടത്തുന്നത് ഒഐസിസിയുടെ നയമല്ലെന്നും മത നിരപേക്ഷതയില്‍ ഉറച്ചു
നില്‍ക്കുന്ന, മതേതര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒഐസിസിയെ താറടിച്ചു കാണിക്കാനുള്ള ഗൂഡശ്രമം മലയാളിസമൂഹം തിരിച്ചറിയണമെന്നും ക്രോയ്ടോണിലെ ഇന്ദിരഭവനില്‍ കൂടിയ ഒഐസിസി യോഗത്തില്‍ എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.

കണ്‍വീനര്‍ ടി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ കെ.കെ. മോഹന്‍ദാസ്, എബി സെബാസ്റ്യന്‍, ജയ്സണ്‍ ജോര്‍ജ്, സുജു കെ. ദാനിയേല്‍, തോമസ് പുളിക്കന്‍, ബേബിക്കുട്ടി ജോര്‍ജ്, സുനു ദത്ത്, അനു ജോസഫ്, അഷ്റഫ്, മഹേഷ്, ബൈജു കാരിയില്‍, ജവഹര്‍, കുമാര്‍ സുരേന്ദ്രന്‍, സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സുജു ഡാനിയേല്‍