നജ്റാനില്‍ ഹൂതികള്‍ ഷെല്‍ ആക്രമണം നടത്തി; തിരിച്ചടിക്കുമെന്ന് മേജര്‍ അസീരി
Wednesday, May 6, 2015 6:16 AM IST
ദമാം: നജ്റാനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും ചില ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും നേരേ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൂതികള്‍ ഷെല്ലാക്രമണം നടത്തി. ഷെല്‍ ആക്രമണത്തില്‍ ആളപായമൊന്നുമുണ്ടായിട്ടില്ലന്നു അധികൃതര്‍ വ്യക്തമാക്കി. ആറു തവണയാണ് ഷെല്‍ ആക്രമണം നടന്നത്. നജ്റാനിലെ അല്‍ ദിയാഫ സ്ട്രീറ്റിലെ ഖുര്‍ ആന്‍ പഠന കേന്ദ്രത്തിന്റെ സെക്യൂരിറ്റി ജീവനക്കാരുടെ താമസ സ്ഥലത്തും ഈ ഭാഗത്തുതന്നെയുള്ള ഗേള്‍സ് സെക്കന്‍ഡറി സ്കൂളിലും ഷെല്‍ പതിച്ചു. 

അല്‍ റിയാദ് ദിനപത്രത്തിലെ നജ്റാന്‍ ഓഫീസ് മേധാവി അലി അൌന്‍ അല്‍യാമി, അല്‍ വതന്‍ ദിനപത്ര ഓഫീസ്, അല്‍ വതന്‍ ദിനപത്രത്തിന്റെ  പ്രധാന ലേഖകനായ സാലിഹ് അല്‍ സവാന്‍െ വീട്ടിലും മോട്ടോര്‍ ഷെല്‍ പതിച്ചു. ഷെല്‍ ആക്രമണത്തില്‍ ചില മേഖലയില്‍ വൈദ്യുതിബന്ധം നിലച്ചു.

അതേ സമയം നജ്റാനില്‍ ഹൂതി, സാലിഹ് സൈന്യം നടത്തിയ ആക്രമണത്തിനു ഇന്നു തന്നെ കനത്ത മറുപടി നല്‍കുമെന്നു സൌദി സഖ്യസേന വക്താവ് മേജര്‍ അഹമ്മദ് അസീരി വ്യക്തമാക്കി. ഹൂതി സൈന്യം തമ്പടിച്ചു കൊണ്ടിരിക്കുന്ന മേഖല സൌദി സഖ്യ സേനാ വിമാനങ്ങള്‍ കണ്െടത്തിയിട്ടുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.

നജ്റാനില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണന്നു അദ്ദേഹം അറിയിച്ചു. നജ്റാനില്‍ വിദ്യാലയങ്ങള്‍ക്കു താത്കാലിക അവധി നല്‍കിയതായി നജ്റാന്‍ വിദ്യഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. നജ്റാനിലേക്കും തിരിച്ചമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം