ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റ് യുണൈറ്റഡ് എഫ്സിക്കു വിജയം
Wednesday, May 6, 2015 6:15 AM IST
റിയാദ്: റോയല്‍ ട്രാവല്‍സ് കപ്പിനുവേണ്ടിയുള്ള രണ്ടാമത് കെ. കരുണാകരന്‍ സ്മാരക ഒഐസിസി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ നാലാംവാര മത്സരത്തില്‍ യുണൈറ്റഡ് എഫ്സി റിയാദ് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഒബയാര്‍ ഫുട്ബോള്‍ ക്ളബ്ബിനെ പരാജയപ്പെടുത്തി. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ യുണൈറ്റഡ് എഫ്സിയുടെ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത് മുന്‍നിരയില്‍ കളിച്ച ജംഷി കണ്ണൂര്‍ ആയിരുന്നു.

ആദ്യ പകുതിയുടെ അഞ്ചാം മിനിറ്റില്‍ പന്തി വലയിലെത്തിച്ചുകൊണ്ട് യുണൈറ്റഡിന്റെ മുന്നേറ്റം കളിയുടെ അവസാനം വരെ നീണ്ടു നിന്നു. യുണൈറ്റഡിനുവേണ്ടി ജംഷി കണ്ണൂര്‍, നൂര്‍, സലിം എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.

യുണൈറ്റഡ് എഫ്സിയുടെ ജംഷി ജിമാര്‍ട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരത്തിനു അര്‍ഹനായി. കെപിസിസി സെക്രട്ടറി അഡ്വ. പി.എ. സലിം, സി.എം. കുഞ്ഞി, ഷാജി സോണ, രഘുനാഥ് തളിയില്‍, സലാം ഇടുക്കി, ചാക്കോ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

കൊല്ലം ജില്ലാ ഒഐസിസി കാണികള്‍ക്കായി ഏര്‍പ്പെടുത്തിയ സൌജന്യ കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് അലക്സ്, നിസാര്‍ പള്ളിക്കശേരി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ നല്‍കി. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ചാലിയാര്‍ റിയല്‍ കേരള, ഒബയാര്‍ എഫ്സിയെയും ഈസി വെയര്‍ അസീസിയ സോക്കര്‍ ലാന്റേണ്‍ എഫ്സിയെയും നേരിടും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍