കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റ്: എറണാകുളം, തിരുവനന്തപുരം, മലപ്പുറം ബി, തൃശൂര്‍ വിജയം നേടി
Wednesday, May 6, 2015 6:14 AM IST
കുവൈറ്റ്: കെഫാക് അന്തര്‍ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എറണാകുളത്തിനും തിരുവനന്തപുരത്തിനും, മലപ്പുറം ബിക്കും തൃശൂരിനും വിജയം.

കോഴിക്കോടും കാസര്‍ഗോഡും തമ്മില്‍ നടന്ന ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം സ്കോര്‍ ചെയ്തു സമനിലയില്‍ പിരിയുകയായിരുന്നു. കളിയില്‍ കൂടുതല്‍ സമയം പന്ത് നിയന്ത്രണത്തില്‍ വച്ചതും കൂടുതല്‍ ഷോട്ടെടുത്തതും കോഴിക്കോടാണെങ്കിലും പക്വമായ കളിയിലൂടെ കാസര്‍ഗോഡ് പൊരുതുകയായിരുന്നു. കോഴിക്കോടിന്റെ മുന്നേറ്റ നിരയും കാസര്‍ഗോഡിന്റെ മധ്യനിരയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ഇരു ടീമുകളും പതറാതെ നിലകൊണ്ടതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. കാസര്‍ഗോഡിനുവേണ്ടി റഹ്മാനും കോഴിക്കോടിനുവേണ്ടി അഷ്ടാക്ക്, ഷാഫി എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി.

രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു കാലിക്കട്ട് ബോയ്സിനെ എറണാകുളം തോല്‍പ്പിച്ചു. ആദ്യ പകുതി മുതല്‍ ആവേശജ്ജ്വലമായ മത്സരത്തിനായിരുന്നു സ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരു ഭാഗത്തേക്കും കയറി ഇറങ്ങി ഇരു വശങ്ങളില്‍നിന്നുമായി എറണാകുളം നടത്തിയ ചില മുന്നേറ്റങ്ങള്‍ കാലിക്കട്ട് ബോയ്സിനു തലവേദന സൃഷ്ടിച്ചു. തുടക്കത്തില്‍ത്തന്നെ കാലിക്കട്ട് ബോയ്സിനു മികച്ച ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണുവാനായില്ല . രണ്ടാം പകുതിയില്‍ ഇടതു വിംഗിലിലൂടെ അപാരവേഗത്തില്‍ പന്തുമായി കയറിയിറങ്ങിയ ബോയ്സ് മുന്നേറ്റനിരയുടെ നീക്കങ്ങള്‍ക്കിടെ എറണാകുളത്തിന്റെ ഏബ്രഹാം നേടിയ മനോഹരമായ ഒരു ഗോളിനു മത്സരം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

മൂന്നാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ തിരുവനന്തപുരം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലപ്പുറം ബിയെ പരാജയപ്പെടുത്തി. വിജയികള്‍ക്കുവേണ്ടി ബെന്‍ മൂന്നു ഗോളുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ മലപ്പുറം (ബി) താരം റഷീദ് നേടിയ ഒരു ഗോളിനു കണ്ണൂരിനെ തോല്‍പ്പിച്ചു. പന്ത് കൈയടക്കത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ മികച്ചുനിന്നെങ്കിലും വിജയം മലപ്പുറത്തോടപ്പം നില്‍ക്കുകയായിരുന്നു. അവസാന മത്സരത്തില്‍ വയനാടിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി തൃശൂര്‍ തങ്ങളുടെ രണ്ടാം വിജയം ആഘോഷിച്ചു. വിജയികള്‍ക്കുവേണ്ടി രാജേഷ്, സുജിത്ത്, രഞ്ജു എന്നിവര്‍ ഗോളുകള്‍ നേടി.

വെള്ളിയാഴ്ച 3.30നു മിശ്രിഫ് കുവൈറ്റ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ തിരുവനന്തപുരം തൃശൂരുമായും പാലക്കാട് എറണാകുളമായും കാസര്‍ഗോഡ് വയനാടുമായും മലപ്പുറം ബി കാലിക്കട്ട് ബോയ്സുമായും കോഴിക്കോട്, മലപ്പുറം ബിയുമായും ഏറ്റുമുട്ടും.

കുവൈറ്റിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍