ഇന്ത്യ പ്രസ്ക്ളബ്ബ് ആറാമത് കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയില്‍, തോമസ് ഉണ്ണിയാടന്‍, രാജു ഏബ്രഹാം അതിഥ
Wednesday, May 6, 2015 5:51 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമതു ദേശീയ കോണ്‍ഫറന്‍സ് നവംബര്‍ 19, 20, 21 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കും. പ്രവാസ മലയാള ജീവിതത്തിന്റെ നടുമുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന ഷിക്കാഗോയിലെ ഗ്ളെന്‍വ്യൂവിലുളള വിന്‍ഡം ഹോട്ടലിലാണു മാധ്യമ മുന്നേറ്റത്തിന് ആറാം തട്ടകമൊരുക്കുന്ന കോണ്‍ഫറന്‍സ് നടക്കുക.

ഗവണ്‍മെന്റ് ചീഫ്വിപ്പും ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടന്‍, റാന്നി എംഎല്‍എയും പത്രപ്രവര്‍ത്തകനുമായിരുന്ന രാജു ഏബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് മാധ്യമരംഗത്തെ പുകള്‍പ്പെറ്റവരാണു നയിക്കുക.

കേരള പ്രസ് അക്കാഡമി ചെയര്‍മാനും സാക്ഷരകേരളത്തിന്റെ ആദ്യാക്ഷരമായ ദീപികയുടെ ഡെപ്യൂട്ടി എഡിറ്ററും ലീഡര്‍ റൈറ്ററുമായ സെര്‍ജി ആന്റണി, കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് എന്നിവരാണ് കോണ്‍ഫറന്‍സിലെ സെമിനാറുകള്‍ നയിക്കുന്ന മാധ്യമപ്രതിഭകള്‍.

ഇരിങ്ങാലക്കുട മണ്ഡലത്തെ നിയമസഭയില്‍ മൂന്നാം പ്രാവശ്യവും പ്രതിനിധീകരിക്കുന്ന തോമസ് ഉണ്ണിയാടന്‍ കേരള രാഷ്ട്രീയത്തിലെ സൌമ്യതയുടെയും സമവായത്തിന്റെയും മുഖമാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനപ്രിയ അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുളള തോമസ് ഉണ്ണിയാടന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

വൈക്കത്തുനിന്ന് ഇരിങ്ങാലക്കുടയിലെത്തി മത്സരിച്ച് വിജയിച്ച് ആ നാടിന്റെ പ്രിയങ്കരനായി മാറിയ ചരിത്രമാണ് തോമസ് ഉണ്ണിയാടന്റേത്. ആദ്യ വിജയം 406 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നെങ്കില്‍ 2001 ല്‍ മൂന്നാംവട്ടം ജയിച്ചത് 12404 വോട്ട് ഭൂരിപക്ഷം നേടി യാണ്.

ദേശാഭിമാനിയുടെ പത്തനംതിട്ട ബ്യൂറോ ചീഫ് ആയിരുന്ന രാജു ഏബ്രഹാം റാന്നി മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നതു നാലാം തവണയാണ്. സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. എസ്.എഫ്.ഐ സ്കൂ ള്‍ യൂണിറ്റ് സെക്രട്ടറി, റാന്നി സെന്റ്തോമസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, കേരള യൂ ണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. പത്രപ്രവര്‍ത്തകനായിരിക്കെ പത്തനംതിട്ട പ്രസ്ക്ളബ് ജോയിന്റ്സെക്രട്ടറിയായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ അമരം കാത്ത രാജു ഏബ്രഹാം ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

ഒന്നര നൂറ്റാണ്ടിലേക്കെത്തുന്ന മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ഡെപ്യൂട്ടി എഡിറ്ററായ സെര്‍ജി ആന്റണിയെ കേരള പ്രസ് അക്കാഡമി ചെയര്‍മാനായി ഗവണ്‍മെന്റ് നിയമിക്കുന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. മൂന്നുവര്‍ഷമാണു കാലാവധി. ഇന്ത്യ പ്രസ്ക്ളബ്ബിന്റെ പ്രഥമ മാധ്യമശ്രീ ജേതാവ് എന്‍.പി രാജേന്ദ്രന്‍ വിരമിച്ച ഒഴിവിലാണു സെര്‍ജി ആന്റണിയെ നിയമിച്ചത്. ചെറുപ്രായത്തില്‍ തന്നെ പത്രപ്രവര്‍ത്തനരംഗത്തെത്തിയ സെര്‍ജി ആന്റണി ദീപികയുടെ വിവിധ ബ്യൂറോകളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. വിശകലന ബുദ്ധിയോടെ വാര്‍ത്താസംഭവങ്ങളെ അപഗ്രഥിക്കുന്ന സെര്‍ജി ആന്റണിക്ക് മികച്ച മുഖപ്രസംഗ എഴുത്തുകാരനുളള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ഡല്‍ഹി ദേശാഭിമാനി ബ്യൂറോയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് ഇന്ദ്രപ്രസ്ഥ രാഷ്ട്രീയത്തിന്റെ ഉളളറകള്‍ കണ്ടറിഞ്ഞ വ്യക്തിയാണ്. റാങ്കുകള്‍ നേടി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോണ്‍ ബ്രിട്ടാസ് എംഫിലും പിഎച്ച്ഡിയും നേടിയത് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നാണ്. ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ഇക്കൊല്ലത്തെ മാധ്യമരത്ന പുരസ്കാരം നേടിയതും ജോണ്‍ ബ്രിട്ടാസാണ്. കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുളള ഇന്ത്യ പ്രസ്ക്ളബ്ബിന്റെ സമര്‍പ്പണവും മഹനീയ പുരസ്കാരവുമായ മാധ്യമരത്ന ഷിക്കാഗോ കോണ്‍ഫറന്‍സില്‍ ബ്രിട്ടാസിന് സമ്മാനിക്കും.

പുത്തന്‍ സാങ്കേതിക വിദ്യയെ ആക്രണോത്സുകതയോടെ സ്വായത്തമാക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന സന്തോഷ് ജോര്‍ജ് ജേക്കബ് ഓട്ടോമൊബൈല്‍ ജേര്‍ണലിസം എന്ന പുതിയ മേഖലയിലേക്കും തന്നിലെ പത്രപ്രവര്‍ത്തകനെ എത്തിച്ചു. വാഹനങ്ങളെ സംബന്ധിച്ച ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കുന്ന ഫാസ്റ്റ്ട്രാക്ക് എന്ന പംക്തി വര്‍ഷങ്ങളായി മനോരമയ്ക്കായി തയാറാക്കുന്നു. ഫാസ്റ്റ് ട്രാക്ക് എന്ന പേരില്‍ പുസ്കതവും രചിച്ചിട്ടുണ്ട്.