റിയാദ് ഇന്ത്യന്‍ അസോസിയേഷനു പുതിയ ഭാരവാഹികള്‍
Tuesday, May 5, 2015 8:30 AM IST
റിയാദ്: വര്‍ഷങ്ങളായി റിയാദില്‍ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവാസി സമൂഹത്തിനിടയില്‍ സജീവമായ റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മോഹനന്‍ പൊന്നത്ത് (പ്രസിഡന്റ്), ജയചന്ദ്രന്‍, ഗുരു (വൈസ് പ്രസിഡന്റുമാര്‍), ഷെയ്ഖ് അബ്ദുള്ള (ജനറല്‍ സെക്രട്ടറി), ജോര്‍ജ് ജേക്കബ്, ബാബുരാജ് (ജോ.സെക്രട്ടറിമാര്‍), എന്‍.എ. വിജയന്‍ (ട്രഷറര്‍) എന്നിവരേയും വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി ഇല്യാസ് (ജീവകാരുണ്യം), ഉമ്മര്‍ കുട്ടി (കലാസാംസ്കാരികം), ഷെറിന്‍ ജോസഫ് (മീഡിയ കണ്‍വീനര്‍) എന്നിവരേയും തെരഞ്ഞെടുത്തു.

റിയ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന കലാസന്ധ്യയില്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പ്രശസ്തരായ ശ്രീനാഥ്, കീര്‍ത്തന എന്നിവരും റിയാദിലെ പ്രമുഖ കലാകാരന്‍മാരും പങ്കെടുത്ത വിവിധ പരിപാടികള്‍ അരങ്ങേറി. വര്‍ഷം തോറും മുടക്കമില്ലാതെ നടന്നു വരുന്ന കേരളത്തിലെ രണ്ടും തമിഴ്നാട്ടിലെ മൂന്നും കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണത്തിന്റെ നറുക്കെടുപ്പും പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ പൊതുജനക്ഷേമത്തിനായി ഏര്‍പ്പെടുത്തിയ അന്‍പതിനായിരം രൂപ വീതമുള്ള ധനസഹായത്തിന്റെ നറുക്കെടുപ്പും നടന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍