ന്യൂ സഫമക്ക പോളിക്ളിനിക്കില്‍ അസ്ഥി സാന്ദ്രത പരിശോധന
Tuesday, May 5, 2015 8:29 AM IST
റിയാദ്: ബത്ഹയിലെ ന്യൂ സഫമക്ക പോളിക്ളിനിക്കില്‍ ആധുനിക സംവിധാനം ഉപയോഗിച്ച് സൌജന്യ നിരക്കില്‍ അസ്ഥിസാന്ദ്രത പരിശോധന നടത്തുന്നതായി ക്ളിനിക്കിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സാധാരണയായി പ്രായാധിക്യത്താലും മറ്റു ചില അസുഖങ്ങള്‍ മൂലവും അസ്ഥിയുടെ ബലവും സാന്ദ്രതയും കുറഞ്ഞു വരികയും അതു പുറംവേദന, അസ്ഥിവേദന, സന്ധിവേദന എന്നിവക്ക് കാരണമാവുകയും ചെയ്യുന്നു. അസ്ഥിക്ഷയം എന്ന രോഗത്താല്‍ പലര്‍ക്കും എളുപ്പത്തില്‍ നട്ടെല്ല്, ഇടുപ്പെല്ല് എന്നിവക്ക് ക്ഷതം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ 40 വയസിനു മുകളിലുള്ള സ്ത്രീകളും 50നു മുകളിലുള്ള പുരുഷന്‍മാരും അസ്ഥിസാന്ദ്രത പരിശോധന നടത്തുന്നത് ഉചിതമായിരിക്കും. ലോകാരോഗ്യ സംഘടന ഈ പരിശോധന മേല്‍പറഞ്ഞ പ്രായക്കാരില്‍ നിര്‍ദ്ദേശിക്കുന്നുമുണ്ട്.

ന്യൂ സഫമക്ക പോളിക്ളിനിക്കിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഹാഷിമിന്റെ നേതൃത്വത്തിലാണ് നൂതനമായ സംവിധാനം ഉപയോഗിച്ച് സൌജന്യ നിരക്കില്‍ അസ്ഥിസാന്ദ്രത പരിശോധന നടത്തുന്നത്. മേയ് നാലു മുതല്‍ 11 വരെ തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയുമാണ് പരിശോധന സമയം.

റിയാദിലെ സ്വകാര്യ പോളിക്ളിനിക്കുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ പരിശോധനാ സംവിധാനം സംഘടിപ്പിക്കുന്നതെന്നും സാധാരണക്കാരായ പ്രവാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ക്ളിനിക്ക് പബ്ളിക് റിലേഷന്‍സ് വിഭാഗവും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് 0569986270.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍