ബിഎന്‍ഡിയെ ന്യായീകരിച്ച് മെര്‍ക്കല്‍
Tuesday, May 5, 2015 8:28 AM IST
ബര്‍ലിന്‍: ജര്‍മന്‍ അന്താരാഷ്ട്ര ചാരസംഘടനയായ ബിഎന്‍ഡിയെ ന്യായീകരിച്ച് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ രംഗത്ത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ ചാര നിരീക്ഷണം നടത്താന്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍എസ്എയ്ക്ക് ബിഎന്‍ഡി (ബുണ്ടസ് നാഹ്റിഷ്ടന്‍ ഡീന്‍സ്റ്) സഹായം നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണിത്.

ജര്‍മന്‍ ചാന്‍സല്‍റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ബിഎന്‍ഡിയുടെ നടപടി ചാന്‍സലറിയുടെ അറിവോടുകൂടി തന്നെയായിരിക്കണമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സുഹൃദ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ചാരപ്രവര്‍ത്തനം ശരിയല്ലെങ്കില്‍ പോലും ഭീകരവാദത്തെ നേരിടുന്നതിനു യുഎസുമായി സഹകരണം അനിവാര്യമെന്ന് മെര്‍ക്കലിന്റെ വിശദീകരണം.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ കടമ. അവയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമുള്ളതെല്ലാം ജര്‍മന്‍ സര്‍ക്കാര്‍ ചെയ്യും. ആഗോളതലത്തില്‍ ഭീകരവാദം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നത് അനിവാര്യമെന്നും മെര്‍ക്കല്‍ പറഞ്ഞു.

അതേസമയം, ബിഎന്‍ഡി ഏതൊക്കെ ലക്ഷ്യങ്ങളിലാണ് നിരീക്ഷണം നടത്തിയതെന്നു വ്യക്തമാക്കാന്‍ മെര്‍ക്കലിനുമേല്‍ ഭരണ സഖ്യത്തിനുള്ളില്‍ നിന്നു തന്നെ സമ്മര്‍ദമേറുന്നു. നിരീക്ഷിക്കപ്പെട്ട രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പുറത്തുവിടണമെന്നാണ് എസ്പിഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉപചാന്‍സലര്‍ സിഗ്മാര്‍ ഗബ്രിയേല്‍ പരസ്യമായി തന്നെ ഉന്നയിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍