ഫോമ കെഎജിഡബ്ള്യു യൂത്ത് ഫെസ്റിവല്‍ വന്‍ വിജയം
Tuesday, May 5, 2015 8:24 AM IST
വെര്‍ജീനിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കസും കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണും സംയുക്തമായി നടത്തിയ ഫോമ കെഎജിഡബ്ള്യു ടാലന്റ് ടൈം യൂത്ത് ഫെസ്റിവല്‍ കുട്ടികളുടെ പ്രാതിനിധ്യം കൊണ്ട് വന്‍ ജനശ്രദ്ധ പിടിച്ചുപറ്റി.

ഏപ്രില്‍ 18 നു വെര്‍ജീനിയ ലൂതര്‍ ജാക്സണ്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 350 ല്‍ പരം കുട്ടികള്‍ 950 ഇനങ്ങളിലാണു മത്സരിച്ചത്. രാവിലെ ഒമ്പതിനു തുടങ്ങിയ മത്സരം വളരെ വൈകിയാണ് അവസാനിച്ചത്. തുടര്‍ന്നു നടന്ന ഗ്രാന്‍ഡ് ഫിനാലെ ഒരു ഉത്സവ ആഘോഷം തന്നെയാക്കുവാന്‍ സംഘാടകര്‍ക്കു കഴിഞ്ഞു.

കെഎജിഡബ്ള്യു പ്രസിഡന്റ് അരുണ്‍ ജോ സ്വാഗതം പറഞ്ഞു. ഫോമ പ്രസിഡന്റ് ആനന്ദ് ആശംസാ പ്രസംഗത്തില്‍ 2016 ജൂലൈയില്‍ മിയാമിയില്‍ നടക്കുന്ന ഫോമ അന്താരാഷ്ട്ര കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്ങല്‍ ഫോമയുടെ സമ്മര്‍ ടു കേരളയെ കുറിച്ച് വിശദീകരിക്കുകയും കുട്ടികളെ സമ്മര്‍ ടു കേരളയിലൂടെ നമ്മുടെ നാടിനെക്കുറിച്ചറിയാനും പഠിക്കുവാനും മാതാപിതാക്കള്‍ പ്രോത്സാഹനം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ക്യാപിറ്റല്‍ റീജണിലെ കുട്ടികളും മാതാപിതാക്കളും ഒരുക്കിയ ഏകാംഗ നാടകം ഏവരുടെയും പ്രശംസക്കു പാത്രമായി.

ടാലന്റ് ടൈമില്‍ ആദ്യമായി പരീക്ഷണാര്‍ഥം നടത്തിയ റീല്‍ ഡീല്‍ എന്ന ഹ്രസ്വ ചിത്ര മത്സരം പുതുമകള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റി. 13 ഹ്രസ്വ ചിത്രങ്ങള്‍ മത്സരത്തില്‍ ഉണ്ടായിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയില്‍ ഫോമ ജോയിന്റ് സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ജോയിന്റ് ട്രഷറര്‍ ജൊഫ്രിന്‍ ജോസ്, റീജണല്‍ വൈസ് പ്രസിഡന്റ് ഷാജി ശിവ്പാലന്‍, നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ മോഹനന്‍ മാവുങ്ങല്‍, ബാബു തെക്കേക്കര, ജുഡീഷല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ജോസ് തോമസ്, കെഎജിഡബ്ള്യു മുന്‍ പ്രസിഡന്റുമാരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്