താജ്മഹല്‍ സന്ദര്‍ശനം ജൂലൈ മുതല്‍ രാത്രിയിലും
Tuesday, May 5, 2015 8:24 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോക മഹാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹല്‍ ജൂലൈ ഒന്നു മുതല്‍ ഇനി രാത്രിയിലും സന്ദര്‍ശിക്കാം. ഇന്ത്യന്‍ സാംസ്കാരിക-വിനോദസഞ്ചാര മന്ത്രി മഹേഷ് ശര്‍മ്മയാണ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റുകളും ചരിത്രകാരന്മാരും സന്ദര്‍ശിക്കുന്ന ചരിത്ര സ്മാരകമാണ് താജ്മഹല്‍. 1999 ല്‍ സുരക്ഷാ കാരണങ്ങളാല്‍ സുപ്രീംകോടതിയാണ് താജ്മഹലിന്റെ രാത്രികാല സന്ദര്‍ശനം നിരോധിച്ചിരുന്നത്. എന്നാല്‍ 200 മീറ്റര്‍ അകലെ നിന്ന് മാസത്തില്‍ അഞ്ചു ദിവസം അമ്പത് പേര്‍ അടങ്ങുന്ന ഗ്രൂപ്പിനും പരമാവധി 400 പേര്‍ക്കും ആയിരുന്നു ഈ അനുവാദം.

ലോകമെമ്പാടുമള്ള ടൂറിസ്റുകളും ചരിത്രകാരന്മാരും നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സാംസ്കാരിക-വിനോദസഞ്ചാര വകുപ്പും ഉത്തരപ്രദേശ് ഗവണ്‍മെന്റും ഇപ്പോള്‍ രാത്രികാല താജ്മഹല്‍ സന്ദര്‍ശനത്തിന് അനുവാദം നല്‍കുന്നത്. താജ്മഹല്‍ സന്ദര്‍ശനത്തിന് എത്തുന്ന ടൂറിസ്റുകള്‍ക്ക് കൂടുതല്‍ ജലവിനോദ പരിപാടികളും ടൂറിസം വകുപ്പ് ആസൂത്രണം ചെയ്യുന്നു. ജര്‍മന്‍ ടൂറിസം മേഖലയും ചരിത്രഗവേഷകരും തീരുമാനത്തെ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍