ഇന്ത്യന്‍ സിഇഒ വാഹനാപകടത്തില്‍ മരിച്ചു
Tuesday, May 5, 2015 8:20 AM IST
ഒമഹ: മുംബൈയിലെ പ്രമുഖ സാമ്പത്തിക ഉപദേശകനും പരാഗ് ഫരിക്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് കമ്പനി ഉടമയുമായ പരാഗ് ഫരിക്ക് (61) വാഹനാപകടത്തില്‍ മരിച്ചു.

ഒമഹയില്‍ ബെര്‍ക്ക് ഷയര്‍ ഹാത്തവെ ഷെയര്‍ഹോള്‍ഡേഴ്സ് മീറ്റിംഗില്‍ പങ്കെടുക്കുന്നതിനെത്തിയതായിരുന്നു പരാഗ്. ഞായറാഴ്ച രാവിലെ ആറിന് രാജീവ് താക്കര്‍ എന്ന 42 കാരന്‍ ഓടിച്ചിരുന്ന വോക്സ് വാഗന്‍ ഇന്റര്‍ സെക്ഷനില്‍ ഒരു പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഭാര്യ ഗീതാ ഫരിക്കിനു ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്നു പുരുഷന്മാരേയും ഒരു സ്ത്രീയേയും പരിക്കുകളോടെ നബ്രസ്ക്ക് മെത്തഡിറ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കാറിന്റെ പിന്‍സീറ്റില്‍ ബെല്‍റ്റിടാതെ യാത്ര ചെയ്തിരുന്ന പരാഗ് ഫരിക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വോക്സ് വാഗന്‍ ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പിക്കപ്പിന്റെ ഡ്രൈവറേയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍