നവ്യാനുഭവമായി കാര്‍ഷിക എക്സിബിഷന്‍
Tuesday, May 5, 2015 8:17 AM IST
ജിദ്ദ: കൃഷി ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ഒരുക്കിയ കാര്‍ഷിക എക്സിബിഷന്‍ പ്രവാസികള്‍ക്ക് പുതിയ അനുഭവമായി. നാട്ടില്‍ മാത്രം കണ്ടു പരിചയിച്ച പല പച്ചക്കറി ചെടികളും തങ്ങളുടെ കണ്‍മുമ്പില്‍ കായ്ച്ചു നിക്കുന്നത് അത്ഭുതത്തോടെയാണ് പലരും കണ്ടത്.

കാന്താരിയും വെണ്ടയും തക്കാളിയും വഴുതനയുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത് കണ്ട കുടുംബിനികള്‍ ഇവയെല്ലാം ഇവിടെ കൃഷി ചെയ്യാന്‍ കഴിയുമോ എന്ന് ചോദിക്കുകയും അതിന്റെ കൃഷിരീതിയും പരിചരണവും എങ്ങനെയാണെന്ന് ചോദിച്ചറിയുകയും ചെയ്തു. പ്രവാസി കുഞ്ഞുങ്ങളില്‍ പലര്‍ക്കും ഇത്തരം കാഴ്ച ജീവിതത്തില്‍ ആദ്യ അനുഭവമായിരുന്നു. മീനും പച്ചക്കറിയും ഒന്നിച്ചു കൃഷിചെയ്യുന്ന അക്വാപോണിക് കൃഷിരീതി എക്സിബിഷന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ മണ്ണിരകളുടെ സഹായത്തോടെ കംപോസ്റ് ആക്കി കൃഷിക്ക് മികച്ച ജൈവവളമാക്കി മാറ്റുന്ന വെര്‍മി കമ്പോസ്റ് നിര്‍മാണ രീതിയും പ്രദര്‍ശിപ്പിക്കപ്പെട്ടു. ലീഡ്സ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് ഫൈനല്‍ മേളയോട് അനുബന്ധിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയത്.

'ഹരിത ഭവനം വിഷ വിമുക്ത ഭക്ഷണം' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് കൃഷി ഗ്രൂപ്പ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഒരു ലക്ഷത്തോളം അംഗങ്ങള്‍ ഈ കൂട്ടായ്മയിലുണ്ട്. വിഷരഹിതമായ പച്ചക്കറികള്‍ വീടുകളില്‍ കൃഷി ചെയ്യുന്നതിനുവേണ്ട എല്ലാവിധ സഹായങ്ങളും നിര്‍ദേശങ്ങളും ഗ്രൂപ്പു നല്‍കി വരുന്നു.

പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജിദ്ദ അല്‍ മൌഹിബ ഇന്റര്‍നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ സുലൈമാന്‍ നിര്‍വഹിച്ചു. കൃഷി ഗ്രൂപ്പ് പ്രസിഡന്റ് മുജീബ്റഹ്മാന്‍ ചെമ്മംകടവ് അദ്ദേഹത്തിനു കായ്ച്ചു നില്‍ക്കുന്ന വെണ്ടതൈ ഉപഹാരം നല്‍കി. ഷമീം വട്ടക്കണ്ടത്തില്‍ കൃഷി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. ജിദ്ദയില്‍ ടെറസുകളിലും മറ്റും കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ വിത്തുകള്‍, ജൈവ വളം, തൈകള്‍ തുടങ്ങിയവയും കൃഷിയില്‍ വേണ്ട നിര്‍ദേശങ്ങളും നല്‍കാന്‍ ഗ്രൂപ്പ് തയാറാണെന്ന് അദ്ദേഹം പറഞ്ഞു. വിഷരഹിത ഭക്ഷണം സ്വയം കൃഷി ചെയ്യാന്‍ ഓരോരുത്തരും രംഗത്ത് വരണമെന്ന് സദസിനെ ഓര്‍മിപ്പിച്ചു.

സൈഫ്, മുഹമ്മദ് അലി കൊടിഞ്ഞി, യൂസുഫ് ജെര്മിനോ, ഫര്‍ഹാന്‍, അദ്നു ഷബീര്‍, ബഷീര്‍ ചേലേംബ്ര, റസീന ബഷീര്‍, റജീന തുടങ്ങിയവര്‍ പ്രദര്‍ശനത്തിനു നേതൃത്വം നല്‍കി.