അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് കാര്‍ണിവല്‍ മൂന്ന് മാസം നീണ്ടു നില്‍ക്കും
Tuesday, May 5, 2015 5:04 AM IST
റിയാദ്: ഉപഭോക്താക്കള്‍ക്കായി നഗരത്തിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റായ അല്‍ മദീന മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന കാര്‍ണിവില്‍ പ്രഖ്യാപിച്ചു. രണ്ട് മാസം മുന്‍പ് മാത്രം പ്രവര്‍ത്തനമാരംഭിച്ച അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഏറെ ആകര്‍ഷകമായ സമ്മാന പദ്ധതികളുമായാണ് കാര്‍ണിവല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മാസക്കാലം റിയാദിലെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് ഉത്സവം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സി.ഇ.ഒ നാസര്‍ അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സമയപരിധിയില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന മൂന്ന് ഉപഭോക്താക്കള്‍ക്ക് പുത്തന്‍ ടൊയോട്ട സെക്യോഡ കാര്‍ സമ്മാനമായി നല്‍കും. കൂടാതെ വ്യത്യസ്ത നറുക്കെടുപ്പുകളില്‍ വിജയികളാകുന്നവര്‍ക്ക് നൂറ് കണക്കിന് വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും. മെയ് ഒന്ന് മുതല്‍ ഓഗസ്ത് അവസാനം വരെ തുടരുന്ന കാര്‍ണിവലില്‍ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമൊരുക്കുന്നതോടൊപ്പം വമ്പിച്ച വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 6 മുതല്‍ 16 വരെ ഓറഞ്ച് കാര്‍ണിവല്‍ ആയിരിക്കും. ഓറഞ്ചിന്റെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ആകര്‍ഷകമായിരിക്കും ഈ കാലയളവില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഓറഞ്ചിനോടൊപ്പം ഓറഞ്ചിന്റെ പഴച്ചാറ് കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും മാര്‍ക്കറ്റില്‍ ലഭ്യമാകും. കൂടാതെ ഓറഞ്ച് ഉപയോഗിച്ചുള്ള പാചക മത്സരവും ഉണ്ടായിരിക്കും. മെയ് 20 മുതല്‍ 30 വരെ മാംഗോ കാര്‍ണിവല്‍ ആയിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലായിനം മാങ്ങകളും ഈ സമയത്ത് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരിക്കും. പച്ചയും പഴുത്തതുമായ മാങ്ങകളുടെ വില്‍പ്പനയും മാംഗോ കാര്‍ണിവലിന്റെ ഭാഗമായി മാമ്പഴ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ മത്സരവും നടക്കുന്നതാണ്.

ലോകത്തെ വിവിധ ഭക്ഷ്യ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന ഫുഡ് കാര്‍ണിവല്‍ ജൂണ്‍ 3 മുതല്‍ 13 വരെ നടക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ പാചക രീതിയും ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്താന്‍ ഈ സമയത്ത് അവസരമൊരുക്കും. ഈ സമയത്ത് വീട്ടമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന കുക്കറി ഷോയില്‍ പാചകറാണി 2015 നെ തെരഞ്ഞെടുക്കുമെന്നും മാനേജ്മെന്റ് പറഞ്ഞു. ജൂണ്‍ 17 മുതല്‍ 27 വരെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും. ഫര്‍ണിച്ചര്‍ കാര്‍ണിവലില്‍ ലോകോത്തര ഫര്‍ണിച്ചറുകള്‍ വന്‍ വിലക്കുറവില്‍ ലഭ്യമായിരിക്കും.

ഇലക്ട്രോണിക് കാര്‍ണിവല്‍ നടക്കുന്ന ജൂലൈ 1 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വിവിധ ബ്രാന്‍ഡുകളുടെ പ്രത്യേകം സ്റ്റാളുകള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കും. വന്‍ വിലക്കുറവില്‍ മൊബൈല്‍ ഫോണുകള്‍, ടി.വി, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമായിരിക്കും. ജൂലൈ ഒന്ന് മുതല്‍ ഓഗസ്ത് ഒന്ന് വരെ നടക്കുന്ന ഗാര്‍മെന്റ്സ് കാര്‍ണിവലില്‍ അതി നൂതന ട്രെന്‍ഡുകള്‍ പുറത്തിറക്കുന്ന ലോകോത്തര ബ്രാന്‍ഡുകളുടെ തുണിത്തരങ്ങള്‍ അല്‍ മദീന ഹൈപ്പറില്‍ ലഭ്യമാകും. അറേബ്യന്‍ അബായകളും ഇന്ത്യന്‍, പാക്കിസ്ഥാനി ചുരിദാറുകളുടേയും പുതിയ ഡിസൈനുകളും മോഡലുകളും ഈ സമയത്ത് വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങിക്കാവുന്നതാണ്.

1971 ല്‍ യു.എ.ഇ യില്‍ ആരംഭിച്ച് 2015 ല്‍ നൂറോളം ശാഖകളിലായി പടര്‍ന്ന് പന്തലിച്ച അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് താമസിയാതെ സൌദിയിലെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ശാഖകള്‍ ആരംഭിക്കുമെന്ന് സി.ഇ.ഒ നാസര്‍ അബൂബക്കര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹത്തോടൊപ്പം ശിഹാബുദ്ദീന്‍ (എ.ജി.എം), ഷാജി ആലപ്പുഴ എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍