യൂറോപ്പില്‍ ഒരു പുതിയ രാജ്യംകൂടി നിലവില്‍ വന്നു
Monday, May 4, 2015 8:50 AM IST
ലിബര്‍ലാന്‍ഡ്, ദി ഫ്രീ റിപ്പബ്ളിക്ക്: ഡാന്യൂബ് നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ക്രൊയേഷ്യക്കും സെര്‍ബിയയ്ക്കും ഇടയിലായി ലിബര്‍ലാന്‍ഡ് എന്നൊരു സ്വയം പ്രഖ്യാപിത രാജ്യം നിലവില്‍ വന്നു. ആദ്യ പ്രസിഡന്റായി ചെക്കില്‍ നിന്നുള്ള വിറ്റ് ജെട്ലിക്ക(31) ലഭിച്ച അവസരം മുതലാക്കി ആര്‍ക്കും അവകാശമില്ലാതിരുന്ന സ്ഥലത്താണുപുതിയ രാജ്യം രൂപീകരിച്ചത്.

ക്രൊയേഷ്യയും സെര്‍ബിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍നിന്നാണ് പുതിയ രാജ്യം നിലവില്‍ വന്നതെന്നു ലിബര്‍ലാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.

ഏപ്രില്‍ 13നു പ്രസിഡന്റ് വിറ്റ് ജെട്ലിക്ക തന്നെയാണ് തര്‍ക്കഭൂമിയില്‍ ഈ രാജ്യം രൂപവത്കരിച്ചത്. അയല്‍രാജ്യങ്ങളായ ക്രൊയേഷ്യക്കും സെര്‍ബിയ്ക്കും ലിബര്‍ലാന്‍ഡില്‍ താത്പര്യം ഇല്ലാതിരുന്നതുകൊണ്ടാണ് താന്‍ ഇങ്ങനെയൊരു കാര്യത്തിന് മുന്‍കൈ എടുത്തതെന്ന് ഒരു ടിവി അഭിമുഖത്തില്‍ പ്രസിഡന്റ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു രാജ്യം രൂപീകരിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ഏഴു ചതുരശ്ര കിലോമീറ്ററുമായി വത്തിക്കാനും മൊണാക്കോയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ചെറിയ പരമാധികാര രാജ്യമായിട്ടാണു ലിബര്‍ലാന്‍ഡ് രൂപപ്പെട്ടത്. നേരിട്ടുള്ള ജനാധിപത്യം ഘടകങ്ങള്‍ ഒരു ഭരണഘടനാ റിപ്പബ്ളിക്കായി ഈ രാജ്യം സ്വയം കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളും നികുതികളില്‍നിന്നു ജനങ്ങളെ മോചിപ്പിക്കുകയും അവരുടെ അഭിവൃദ്ധി ഉറപ്പുവരുത്തുകായും ചെയ്യുമെന്നും രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് അവകാശപ്പെടുന്നു. 'അങ്ങനെ ഞങ്ങള്‍ ഒരു സ്ഥലം കണ്െടത്തി അവിടെ ഞങ്ങളുടെ പതാക നാട്ടി. ഇങ്ങനെയൊരു രാജ്യം നിലവില്‍ വന്നത് മറ്റു രാജ്യങ്ങള്‍ അറിയട്ടെയെന്നും' സ്ഥാപന വേളയില്‍ പ്രസിഡന്റ് പറഞ്ഞു.

അയല്‍ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും രാജ്യത്തിന്റെ ഭരണഘടന രൂപവത്കരിക്കുകയുമാണ് ആദ്യലക്ഷ്യമെന്ന് ഒരു ചെക്ക് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം തന്നെ 184 രാജ്യങ്ങളില്‍നിന്നായി 20,000 പേര്‍ പൌരന്മാരാകാന്‍ അപേക്ഷ നല്‍കിയെന്നും എന്നാല്‍, എല്ലാവരെയും സ്വീകരിക്കില്ല. ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത് സാധ്യമാകൂ. ഏതുതരം കറന്‍സിയാണ് ഉപയോഗിക്കുന്നതെന്നും ഉടനെ തീരുമാനമാകും. ചെക്ക്, ഇംഗ്ളീഷ് ഭാഷയായിരിക്കും ഔദ്യോഗിക ഭാഷയാകുന്നത്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണു രാജ്യത്തിന്റെ മുദ്രാവാക്യം. പട്ടാളവും ബാങ്കിംഗ് സംവിധാനവും രൂപവത്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിബര്‍ലാന്‍ഡിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജോബി ആന്റണി