യൂറോപ്യന്‍ യൂണിയനില്‍ യുകെയുടെ ഭാവി: 2017ല്‍ ഹിതപരിശോധന നടത്തുമെന്നു കാമറൂണ്‍
Monday, May 4, 2015 8:45 AM IST
ലണ്ടന്‍: താന്‍ വീണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നുവെങ്കില്‍, യൂറോപ്യന്‍ യൂണിയനിലെ യുകെയുടെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 2017ല്‍ ജനഹിത പരിശോധന നടത്തുമെന്നു ഡേവിഡ് കാമറൂണ്‍. ഹിതപരിശോധന നടത്താന്‍ സാധിക്കാതെ വന്നാല്‍ താന്‍ പ്രധാനമന്ത്രിസ്ഥാനത്തു തുടരില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പ്രതിപക്ഷത്തുള്ള ലേബര്‍ പാര്‍ട്ടിയും ഇപ്പോള്‍ ഭരണ പങ്കാളികളായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഹിത പരിശോധനയ്ക്ക് എതിരായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, തങ്ങളുടെ ഉപാധികള്‍ അംഗീകരിച്ചാല്‍ ഹിതപരിശോധന നടത്താന്‍ കൂടെ നില്‍ക്കാമെന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവും ഉപപ്രധാനമന്ത്രിയുമായ നിക്ക് ക്ളെഗ് പറയുന്നു.

എന്നാല്‍, ഇത്തരമൊരു ഹിതപരിശോധന രാജ്യത്തിന്റെ വ്യവസായരംഗത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടി വാദിക്കുന്നത്. യൂറോപ്യന്‍ യൂണിയന് കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്നതില്‍ തെറ്റില്ലെന്നു കൂടി പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് വ്യക്തമാക്കിക്കഴിഞ്ഞു.

യുകെ, യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാണമെന്ന് ഏറ്റവും ശക്തമായി ആവശ്യപ്പെടുന്നതു കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ യുകെഐപിയാണ്. ഹിത പരിശോധന നടത്താമെന്ന വാഗ്ദാനം കാമറൂണ്‍ ലംഘിച്ചിരിക്കുകയാണെന്ന് അവരുടെ നേതാവ് നിഗല്‍ ഫാരാജ് ആരോപിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍